ADVERTISEMENT

കോവിഡ് ബാധിച്ച് യുഎസിൽ രണ്ടു മലയാളികളും ദുബായിലും മുംബൈയിലും യുകെയിലും  ഒരാൾ വീതവും മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലനിൽക്കുന്നതിൽ കുഴിക്കൽ (താഴയിൽ) പാപ്പച്ചന്റെ മകൻ തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി പരേതനായ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) എന്നിവരാണു യുഎസിൽ മരിച്ചത്. മലപ്പുറം പൊന്ന്യാകുർശി സ്വദേശിയായ പരേതനായ പച്ചീരി അയമുട്ടിയുടെ മകൻ ഡോ. പച്ചീരി ഹംസ (80) ആണ് ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ മരിച്ചത്.

മുംബൈയിൽ മരിച്ചത് തലശ്ശേരി കതിരൂർ സ്വദേശി അശോകൻ (63). മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ കയ്പമംഗലം പുത്തൻപള്ളിക്കു സമീപം  തേപ്പറമ്പിൽ പരീദ് (67) ആണു ദുബായിൽ മരിച്ചത്. ഇദ്ദേഹം അർബുദ രോഗിയുമായിരുന്നു.

കോവിഡ്: മലയാളികൾ കൂടുതൽ  മരിച്ചത് പുറംനാടുകളിൽ

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചത് 2 പേർ; ഇതേസമയം, കേരളത്തിനു പുറത്ത് മരിച്ചത് 5 മലയാളിക‌ൾ. ന്യൂയോർക്കിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു– 47), 20 വർഷമായി ന്യൂയോർക്ക് മെട്രോ റെയിൽ ഉദ്യോഗസ്ഥനാണ്. പനി കാരണം ഡോക്ടറെ കണ്ട് മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലേറെയായി  വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ന്യൂയോർക്കിൽതന്നെ നടത്തും. പുത്തൻകാവ് തമ്പുരാൻകുഴിയിൽ രാജുവിന്റെ മകൾ സൈജുവാണ് ഭാര്യ. മക്കൾ: നിയ, മേഘ, എലീഫ.

ബിജുവിന്റെ മാതാപിതാക്കൾ 35 വർഷമായി യുഎസിലാണ്. 2018 ജൂണിലാണ് അവസാനമായി നാട്ടി‍ലെത്തിയത്.  ന്യൂജഴ്സിയിൽ മരിച്ച പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) കാക്കനാട് ജയരാജ് അപാർട്മെന്റിലായിരുന്നു താമസം. ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന ഭർത്താവ് സാമുവൽ വർഷങ്ങൾക്കു മുൻപു മരിച്ചു. പിന്നീട് മകൾ ലൂസിക്കും മരുമകൻ രാമമംഗലം കോരങ്കടവ് നീർകുന്നത്ത് വർഗീസ് എൻ.കുര്യാക്കോസിനുമൊപ്പം ന്യൂജഴ്സിയിലാണ്. 3 വർഷം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. 

വീഴ്ചയിൽ കാലിനു പരുക്കേറ്റ് ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു. മുംബൈയിൽ കമ്പനി ജീവനക്കാരനായ മോഹനാണ് കുഞ്ഞമ്മയുടെ മകൻ.  മുംബൈയിൽ മരിച്ച തലശ്ശേരി സ്വദേശി അശോകൻ (63), അന്ധേരി സാക്കിനാക്കയിലായിരുന്നു താമസം. പനിയും തൊണ്ടവേദനയുമായി വീട്ടിൽ കഴിയുന്നതിനിടെ, സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായതിനെ തുടർന്നു ഘാട്കോപ്പറിലെ  ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുംമുൻപു മരിച്ചു.

മരണശേഷമാണു രോഗം സ്ഥിരീകരിച്ചു പരിശോധനാഫലം വന്നത്. കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും ഐസലേഷനിൽ പ്രവേശിപ്പിച്ചു. വേറ്റുമ്മലിനു സമീപം ആണിക്കാംപൊയിലിൽ വലിയപറമ്പത്ത് കുടുംബാംഗമായ അശോകൻ 8 മാസം മുൻപാണ് നാട്ടിലെത്തി തിരിച്ചുപോയത്. സംസ്കാരം മുംബൈയിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: ജിംഷിദ്, ജിൻസി.

കയ്പമംഗലം സ്വദേശി പരീദ് (67) 9 മാസം മുൻപാണു ഭാര്യ നഫീസയ്ക്കൊപ്പം ദുബായിലെത്തിയത്. കബറടക്കം ദുബായിൽ. മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദ്ദീൻ സാജിദ്.

മൃതദേഹം നാട്ടിൽ എത്തിക്കണം: മുഖ്യമന്ത്രി

കോവിഡ്  ബാധിച്ചു വിദേശത്തു മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നു വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

English summary: COVID 19; Malayalis dies foreign countries

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com