ADVERTISEMENT

കൊച്ചി ∙ കേരള – കർണാടക അതിർത്തിയിലെ പ്രശ്നത്തിൽ ഹൈക്കോടതി നിർദേശപ്രകാരം ഇന്നലെ വൈകിട്ടു കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയ ചർച്ച ഫലം കണ്ടില്ല. തുടർന്നാണു തടസ്സം നീക്കാനുള്ള കോടതി നിർദേശം.

അടിയന്തര ചികിൽസാവശ്യത്തിനുള്ള യാത്രകൾ തടസ്സപ്പെടുത്തരുതെന്നുള്ള ദേശീയദുരന്ത കൈകാര്യ മാർഗരേഖ പാലിച്ച് കേന്ദ്രം നടപടിയെടുക്കണം. കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലല്ലെന്ന കർണാടകയുടെ വാദത്തെ കോടതി വിമർശിച്ചു. രാജ്യത്തെ പൗരന്റെ മൗലികാവകാശം മാനിക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയുണ്ടെന്നും പറഞ്ഞു.

വൈകിട്ട് 7.30നു ശേഷവും വിഡിയോ കോൺഫറൻസിലൂടെ നീണ്ട കോടതി നടപടികൾക്കൊടുവിലാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അടിയന്തര ചികിൽസ വേണ്ട രോഗികളുമായെത്തുന്ന ആംബുലൻസ് എങ്കിലും കടത്തിവിട്ടു പ്രശ്നം പരിഹരിക്കണമെന്നു ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവച്ച നിർദേശം കർണാടക തള്ളിയെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ കോടതിയെ അറിയിച്ചു.

വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കർണാടക എജി വാദിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവിനു മുതിരരുതെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. അവശ്യസാധനങ്ങളെത്തിക്കാനും ചികിൽസ തേടാനും കർണാടക അതിർത്തിയിലെ റോഡുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണു ഹൈക്കോടതി നടപടി.

വാഹനങ്ങളെല്ലാം അണുവിമുക്തമാക്കും: കേരളം

കേരളത്തിൽ നിന്നു കർണാടകത്തിലേക്കു കടത്തിവിടുന്ന വാഹനങ്ങളെല്ലാം ആരോഗ്യ, അഗ്നിസുരക്ഷാ വകുപ്പുകളുടെ സഹായത്തോടെ അണുവിമുക്തമാക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

‘കേരളത്തിലേക്കുള്ള അതിർത്തി റോഡുകൾ അടച്ചിട്ട കർണാടക സർക്കാരിന്റെ തീരുമാനം നിർഭാഗ്യകരമാണ്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം കർണാടക സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഞാനും പലരുമായി ചർച്ച നടത്തി. വേഗം പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ.’

   ആരിഫ് മുഹമ്മദ് ഖാൻ, ഗവർണർ

English summary: Karnataka border issue 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com