ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ പിൻവലിക്കുമ്പോൾ കോവിഡിന്റെ മൂന്നാം വരവു ചെറുക്കാൻ ഡിജിറ്റൽ പ്രതിരോധവുമായി കേരളം. കേരളത്തിലേക്കു യാത്ര ചെയ്യുന്നവർക്ക് ഡിജിറ്റൽ പാസ്, രോഗസാധ്യതയുള്ളവരുടെ മാപ്പിങ്, വിവിധ രോഗങ്ങൾ ഉള്ളവരുടെ ഡേറ്റാ ബാങ്ക്, കോവിഡ് വിവരങ്ങൾ അറിയിക്കാനുള്ള മൊബൈൽ ആപ്, സമൂഹവ്യാപനമുണ്ടായാൽ ചികിത്സ ക്രമീകരിക്കാനുള്ള ഡേറ്റാ പ്ലാറ്റ്ഫോം എന്നിവയെല്ലാം കോർത്തിണക്കിയാണ് ഐടി വകുപ്പ് ഡിജിറ്റൽ കവചമൊരുക്കുന്നത്.

വിദേശത്തുനിന്നുൾപ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ തന്നെ മൊബൈൽ ഫോൺ വഴി വിവരം റജിസ്റ്റർ ചെയ്യുന്നതു നിർബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ പാസ് അനുവദിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ എത്തിയാലുടൻ ഇവരെ ക്വാറന്റീനിലാക്കും.

റേഷൻ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രോഗസാധ്യതയുള്ളവരുടെ മാപ്പിങ് പൂർത്തിയാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള രോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയാകും ജീവിതശൈലീ രോഗികളുടെയും ഗുരുതര രോഗികളുടെയും ഡേറ്റ തയാറാക്കുക. പുതിയ മൊബൈൽ ആപ് വഴി പൊതുസമൂഹത്തിൽ നിന്നുള്ള വിവരങ്ങൾക്കൊപ്പം നിരീക്ഷണത്തിലുള്ളവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലിമെഡിസിൻ ഉൾപ്പെടെ വൈദ്യസഹായങ്ങളും ലഭ്യമാക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ ഈ വിവരങ്ങൾ ഏകോപിപ്പിക്കും. കോവിഡ് ഭീഷണി കഴിഞ്ഞാലും രോഗപ്രതിരോധ രംഗത്ത് ഈ സംവിധാനം ഉപയോഗിക്കാനാകും. യുഎസ് മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്പ്രിംക്ലർ എന്ന കമ്പനിയാണ് ഐടി മിഷനുവേണ്ടി ദൗത്യം നിർവഹിക്കുക.

English summary: Coronavirus: Digital precautions to start in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com