ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് മുക്തി കൈവരിച്ചയാളുടെ രക്തത്തിൽ നിന്ന് വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നൽകുന്ന ‘കോൺവലസെന്റ് സീറ’ ചികിത്സാരീതിക്കായി ഒരാളുടെ പ്ലാസ്മ ശേഖരിക്കുന്നതിന് 15,000– 20,000 രൂപ വരെ ചെലവ്.

പ്രാഥമിക അംഗീകാരം ലഭിച്ചതിനാൽ ഐസിഎംആറിന്റെ ഗവേഷണ ഫണ്ട് ഇതിനായി ലഭിക്കാനും സാധ്യത. ഡ്രഗ് കൺട്രോളറുടെ അനുമതി കൂടി ലഭിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്ലാസ്മ ശേഖരിച്ചുതുടങ്ങാം.

പ്ലാസ്മഫെറസിസ് എന്ന പ്രക്രിയയിലൂടെ ബ്ലഡ് പ്ലാസ്മ മാത്രമാണു ശേഖരിക്കുക. രക്തത്തിൽ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റിങ് സംവിധാനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാക്കും.

ചട്ടമനുസരിച്ച് എല്ലാ അനുമതിയും ലഭിച്ച ശേഷമേ പ്ലാസ്മ ദാതാവിനെ സമീപിക്കാൻ കഴിയൂ എന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. കോവിഡ് ഭേദമായ ശ്രീചിത്രയിലെ ‍ഡോക്ടർ പ്ലാസ്മ ദാനം ചെയ്യാൻ  സന്നദ്ധതയറിച്ചതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക ആശയവിനിമയമുണ്ടായിട്ടില്ല.

അതേസമയം, രോഗം ഭേദമായവരിൽ നിന്ന് മതിയായ അളവിൽ പ്ലാസ്മ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ ചികിത്സ അത്ര ലളിതമല്ല. രോഗം ഭേദമായ എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്നുമില്ല. പൊതുവെ, വാക്‌സിൻ പ്രവർത്തിക്കുമ്പോൾ പ്രതിരോധ സംവിധാനം ആന്റിബോഡി ഉൽപാദിപ്പിക്കുകയും അത് ആയുഷ്‌കാല പ്രതിരോധ ശേഷി നൽകുകയുമാണു ചെയ്യുന്നത്. 

English summary: Coronavirus: Plasma therapy Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com