ADVERTISEMENT

തിരുവനന്തപുരം ∙ വിവാദ സ്പ്രിൻക്ലർ ഇടപാടിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ രംഗത്ത്. കോവിഡ് വിവരശേഖരണത്തിനുള്ള കരാർ അമേരിക്കൻ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തിനു ശേഷമാണ് രേഖയുണ്ടാക്കിയതെന്നും ഒരു ഘട്ടത്തിൽ പോലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം  തുറന്നു പറഞ്ഞു.

പർച്ചേസ് ഓർഡർ ഒപ്പിടുന്നതിന് ഒരാഴ്ച മുൻപു തന്നെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനിയുടെ സെർവറിലേക്ക് നൽകിത്തുടങ്ങിയെന്ന പ്രതിപക്ഷ ആരോപണവും ശരിവയ്ക്കുന്നതാണു വെളിപ്പെടുത്തൽ. തന്റെ റിസ്കിലാണ് ഇടപാടുമായി മുന്നോട്ടുപോയതെന്നും ഇതിനായി വിവേചനാധികാരം ഉപയോഗിച്ചെന്നും ശിവശങ്കർ സമ്മതിച്ചു. മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് ഇടപാട്.

കഴിഞ്ഞ 25 നു വിവരമറിയിച്ചപ്പോൾ മുന്നോട്ടുപോകാൻ അദ്ദേഹം നിർദേശം നൽകി. ഈമാസം 7നു കോവിഡ് അവലോകന യോഗത്തിലും പദ്ധതി അവതരിപ്പിച്ചു. കോവിഡിനെതിരെ ഡിജിറ്റൽ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമായിരുന്നു. അതിന് ഏറ്റവും മികച്ചതെന്ന നിലയിലാണ് സ്പ്രിൻക്ലറിനെ കണ്ടത്. കമ്പനിക്കെതിരെ യുഎസിൽ കേസ് ഉളളതായി അറിഞ്ഞിരുന്നു. പക്ഷേ, ഗൗരവമുളളതായി തോന്നിയില്ല. സ്പ്രിൻക്ലർ സിഇഒ മലയാളിയായ രാഗി തോമസ് 2 തവണ ഫോണിൽ ബന്ധപ്പെട്ടാണ് സേവനം സൗജന്യമായി നൽകാമെന്നറിയിച്ചതെന്നും ശിവശങ്കർ പറഞ്ഞു.

സേവനം സൗജന്യമായതിനാലും സ്വകാര്യത സംബന്ധിച്ചു പ്രശ്നമില്ലാത്തതിനാലുമാണ് നിയമോപദേശം വേണ്ടെന്നു തീരുമാനിച്ചതെന്നാണ് ശിവശങ്കറിന്റെ വിശദീകരണം. എന്നാൽ തുടർച്ചയായ ആരോപണമുയർന്നപ്പോൾ അടിപതറി. നിയമവകുപ്പുമായി ആലോചിക്കേണ്ടതായിരുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തും. ഇടപാടിന്റെ നിയമസാധുത പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 10 മുതലുള്ള പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി 15നു പുറത്തുവിട്ട നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് (എൻഡിഎ) തൊട്ടുതലേന്നു തയാറാക്കിയതാണെന്ന ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ഇത്തരമൊരു കരാറിന്റെ ആവശ്യമില്ലായിരുന്നുവെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നു. ഇടപാട് സൗജന്യമാണെന്നും കരാർ അവസാനിക്കുന്ന സെപ്റ്റംബർ 24നു ശേഷം സ്പ്രിൻക്ലറിന് പണം നൽകേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. 

English summary: Sprinklr: IT secretary admits responsibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com