ADVERTISEMENT

തിരുവനന്തപുരം ∙ സ്പ്രിൻക്ലർ കരാറുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി വിധി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിരാകരിക്കുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രണ്ടും സ്വീകരിച്ചില്ല. പകരം, ഇപ്പോഴുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സർക്കാരിനോടു പറഞ്ഞത്.

വാദത്തിന്റെ ഘട്ടത്തിൽ പല ചോദ്യങ്ങളും കോടതി ഉന്നയിക്കും. അതു കോടതി നിഗമനമല്ല. ഉത്തരവാണു പ്രധാനം. അത് സർക്കാർ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്. ഡേറ്റാ സുരക്ഷിതത്വത്തിനു മുന്തിയ പരിഗണന നൽകുമെന്ന് കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു – മുഖ്യമന്ത്രി പറഞ്ഞു.

‘കേസിന്റെ വിഷയമനുസരിച്ചു വാദിക്കാൻ വൈദഗ്ധ്യമുള്ള വക്കീലിനെ കൊണ്ടുവരും. അതു കോടതിയും അംഗീകരിച്ചിട്ടുണ്ട്. അതിൽ ആർക്കും പ്രയാസമുണ്ടാകേണ്ടതില്ല.’

 പിണറായി വിജയൻ

അന്തസ്സ് ഉണ്ടെങ്കിൽ കരാർ റദ്ദാക്കണം: രമേശ്

തിരുവനന്തപുരം ∙ സ്പ്രിൻക്ലറിലെ ഹൈക്കോടതി വിധി കേട്ട സർക്കാരിന് അൽപമെങ്കിലും മാന്യതയും അന്തസ്സ് ഉണ്ടെങ്കിൽ കരാർ റദ്ദാക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ  ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവഗൗരവമുള്ളതാണെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നു. 

ഡേറ്റാ സുരക്ഷിതത്വം, ആരോഗ്യവിവരം ശേഖരിക്കാനുള്ള വ്യക്തിയുടെ സമ്മതം, കേരള സർക്കാരിന്റെ ചിഹ്നം ഉപയോഗിക്കുന്നത്, ഡേറ്റാ കൈമാറ്റം, രഹസ്യാത്മകത എന്നീ അഞ്ചുകാര്യങ്ങൾ സംബന്ധിച്ചു പ്രതിപക്ഷം ഉന്നയിച്ച വാദങ്ങൾ കോടതി ശരിവച്ചു.

വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. ഇടക്കാല വിധിയിൽ തന്നെ ഇത്രയും കാര്യങ്ങൾ ഉണ്ടാകുന്നത്  അസാധാരണമെന്നാണ് അഭിഭാഷകർ അറിയിച്ചതെന്നും രമേശ് പറഞ്ഞു.

‘മൂംബൈയിൽനിന്നു പ്രത്യേക അഭിഭാഷകയെ കൊണ്ടുവന്നതിൽ സ്പ്രിൻക്ലറിനോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണുള്ളത്. കമ്പനിയുടെ കാര്യത്തിൽ ജനങ്ങളുടെ കാര്യത്തിൽ ഇല്ലാത്ത ജാഗ്രതയാണ്‌.’

  രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സത്യപ്രതിജ്ഞാ  ലംഘനം നടത്തി: സുരേന്ദ്രൻ 

തിരുവനന്തപുരം ∙ സ്പ്രിൻക്ലർ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇടപാട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആസ്ഥാനത്തു  സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ .

അമേരിക്കൻ കമ്പനിക്കു ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ  അനുമതിയില്ലാതെ തന്നെ മറിച്ചു വിൽക്കുകയായിരുന്നു. ഇതു നിയമലംഘനവും ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. 

വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട നടപടികൾ പാടേ അവഗണിച്ചു.  കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങിയില്ല. കോടതിയുടെ മുന്നിൽ  മുഖ്യമന്ത്രി പിണറായി  പല കാര്യങ്ങളും മറച്ചുവച്ചു. ഡേറ്റാ വിശകലനം കേന്ദ്ര ഏജൻസിക്കു കൈമാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.  സംസ്ഥാനത്ത് 25000 കേന്ദ്രങ്ങളിൽ ലോക്ഡൗൺ  നിയന്ത്രണം പാലിച്ചു  സമരം നടത്തിയതായി പാർട്ടി അറിയിച്ചു.

‘ജനങ്ങളുടെ അനുമതിയില്ലാതെയുളള ഡേറ്റ കൈമാറ്റത്തിലെ വില്ലൻ മുഖ്യമന്ത്രിയാണെന്ന വിവരമാണു പുറത്തുവരുന്നത്.’

  കെ. സുരേന്ദ്രൻ

English summary: Sprinklr to be proceed; Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com