ADVERTISEMENT

തിരുവനന്തപുരം ∙ മൂന്നാംഘട്ട ലോക്‌ഡൗണിലെ ഇളവുകളും നിബന്ധനകളും സംബന്ധിച്ച് മൂന്നു ദിവസത്തെ ആശയക്കുഴപ്പത്തിനൊടുവിൽ ഇന്നലെ പുതിയ ഉത്തരവിറങ്ങി. ശനിയാഴ്ച മുഖ്യമന്ത്രി വായിച്ച കുറിപ്പിലെ കാര്യങ്ങൾ പലതും അതേപടി ഉത്തരവിൽ ആവർത്തിച്ചതല്ലാതെ നടപടിക്രമങ്ങൾ വിശദീകരിച്ചിട്ടില്ല. ജില്ലാന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് കലക്ടർമാർ വിശദ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 

കടകൾ തുറക്കാമോ? 

ഹോട്സ്പോട്ടുകളിൽ ഒഴികെ കടകൾ തുറക്കാം. ഇതിൽ സേവന മേഖലയിലെ സ്ഥാപനങ്ങൾ അല്ലാതെ മറ്റു ഗണത്തിൽപ്പെടുന്നവയുടെ കാര്യം വിശദമാക്കുന്നില്ല. ഗ്രീൻ സോണുകളിൽ കടകൾ രാവിലെ 7 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതിയിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു കടകൾ പ്രവർത്തിക്കേണ്ടത്. പൊലീസിനു നൽകിയ ചാർട്ട് പ്രകാരം കടകളെന്നാൽ അവശ്യസാധനങ്ങൾ വിൽക്കുന്നവ മാത്രമാണ്. കടകൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ല. 

വാഹനഷോറൂം തുറക്കാം

ഹോട്സ്പോട്ടുകളിൽ (കണ്ടെയ്ൻമെന്റ് സോണുകൾ) ഒഴികെ എല്ലായിടത്തും വാഹന വർക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും തുറക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. 

റോഡുകൾ അടച്ചിടുമോ?

ഹോട്സ്പോട്ടുകളിൽ (കണ്ടെയ്ൻമെന്റ് സോൺ) മാത്രമേ റോഡുകൾ അടച്ചിടൂ. റെഡ് സോണിലും റോഡുകൾ അടച്ചിടില്ല. 

തുണിക്കടകൾ തുറക്കാമോ?

ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന ചെറുകിട തുണിക്കടകൾക്ക് ഓറഞ്ച്, ഗ്രീൻ സോണുകളിൽ പ്രവർത്തിക്കാം. അഞ്ചിലധികം ജീവനക്കാർ പാടില്ല. ഇത്തരം കടകൾ ഇന്നലെ തുറന്നെങ്കിലും പല സ്ഥലങ്ങളിലും പൊലീസ് അടപ്പിച്ചു. ഒന്നിലേറെ നിലകളുള്ള തുണിക്കടകളുടെ ഒരു നിലയെങ്കിലും തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തോട്, കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പ്രകാരം മാത്രമേ നിലപാടെടുക്കാൻ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

cartoon-lockdown

സർക്കാർ ഓഫിസുകൾ

എല്ലാ സോണിലും എ, ബി ഗ്രൂപ്പുകളിലുള്ള ജീവനക്കാർ 50%, സി,ഡി ഗ്രൂപ്പ് ജീവനക്കാർ 33% വീതം ഹാജരാകണം. ലോക്ഡൗൺ അവസാനിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും ഓഫിസ് അവധി. ഹോട്സ്പോട്ടുകളിൽ (കണ്ടെയ്ൻമെന്റ് സോൺ) താമസിക്കുന്ന ജീവനക്കാർ ഓഫിസിൽ പോകണോയെന്നു വ്യക്തമല്ല.

ഒറ്റ, ഇരട്ട നമ്പർ 

ടാക്സികളും സ്വകാര്യവാഹനങ്ങളും ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം എല്ലാ സോണിലും ബാധകം. റജിസ്ട്രേഷൻ നമ്പർ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ ഇന്ന് ഓടിക്കാം. ചരക്കുവാഹനങ്ങൾക്ക് ഈ നിബന്ധനയില്ല. 

ജില്ലാന്തര യാത്ര

മറ്റു ജില്ലകളിലേക്ക് അത്യാവശ്യ യാത്രകൾക്കു തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് നൽകും. പൊലീസിന്റെ വെബ്സൈറ്റ്, ഫെയ്സ്ബുക് പേജ് എന്നിവയിൽ പാസിന്റെ മാതൃകയുണ്ട്. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് നൽകണം. ഇ–മെയിൽ വഴിയും അപേക്ഷ നൽകാം.  റെഡ് സോണിൽപ്പെട്ട ജില്ലകളിലേക്കും അവിടെ നിന്നു പുറത്തേക്കും യാത്രാനുമതി ലഭിക്കില്ല. 

ലോക്കഴിച്ച് ആശയക്കുഴപ്പം

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വൻ ആശയക്കുഴപ്പം തുടർന്നതോടെ സംസ്ഥാനത്തു പലയിടത്തും തുറന്ന കടകൾ അടച്ചു, തുറക്കാമായിരുന്ന കടകൾ അടഞ്ഞു കിടന്നു; തുറക്കേണ്ട സമയം സംബന്ധിച്ചും തർക്കങ്ങളുണ്ടായി! തുറന്ന ചെറുകിട സ്വർണാഭരണശാലകൾ പലയിടത്തും അടപ്പിച്ചു.

∙ കൊച്ചി ബ്രോഡ്‌വേയിൽ തൊട്ടുതൊട്ടു കിടക്കുന്ന കടകൾ പൊലീസ് അടപ്പിച്ചു. മാളുകളോ ഷോപ്പിങ് കോംപ്ലക്സുകളോ അല്ലെങ്കിലും ക്ലസ്റ്റർ സ്വഭാവമുള്ളതുകൊണ്ടാണിതെന്നു വിശദീകരണം.

∙ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര മേഖലയിൽ ആശയക്കുഴപ്പമുണ്ടായില്ലെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ ഹോട്സ്പോട്ട് ഒഴികെയുളള സ്ഥലങ്ങളിൽ പല സമയത്താണ് വ്യാപാരികൾ കടകൾ അടച്ചത്.

∙ ഓറഞ്ച് സോണിൽ ഉൾപ്പെട്ട കോഴിക്കോട് നഗരത്തിൽ മിഠായിത്തെരുവിലും മാവൂർ റോഡിലും തുറന്ന ചില കടകൾ രാവിലെ അടപ്പിച്ചു. തർക്കമുണ്ടായ മിഠായിത്തെരുവിലും വലിയങ്ങാടിയും പാളയവും പോലുള്ള കച്ചവടകേന്ദ്രങ്ങളിലും അവശ്യവസ്തുക്കളുടെ കടകളേ തുറക്കാവൂ എന്നു വൈകിട്ട് കലക്ടർ പുതിയ ഉത്തരവിറക്കി.

∙ കോട്ടയം, ഇടുക്കി ജില്ലകളിൽ ചില സ്ഥലങ്ങളിൽ രാവിലെ 7 നു തുറന്ന കടകൾ അടപ്പിച്ചു. മറ്റു ചിലയിടങ്ങളിൽ പ്രവർത്തിച്ചു. കോട്ടയത്ത് വാഹനങ്ങൾ നിരത്തിലിറക്കുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. ഒറ്റ–ഇരട്ട അക്ക നിബന്ധന സംബന്ധിച്ച് പ്രത്യേക അറിയിപ്പുകളും ഉണ്ടായില്ല.

∙ ഹോട്സ്പോട്ട് (കണ്ടെയ്ൻമെന്റ് സോൺ) അല്ലാത്തയിടങ്ങളിൽ കടകൾ തുറക്കാമെന്നു സർക്കാർ വ്യക്തമാക്കിയെങ്കിലും കണ്ണൂർ ജില്ല മുഴുവനായി വിവിധ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ചിരിക്കുന്നു എന്ന നിലപാടാണു പൊലീസിന്. അതിനാൽ പലയിടത്തും കടകൾ തുറക്കാനായില്ല.

∙ കാസർകോട് ഓറഞ്ച് സോണിലേക്കു മാറിയെങ്കിലും റെഡ് സോണിലായിരുന്നപ്പോൾ തുറന്ന കടകൾ മാത്രം തുറന്നാൽ മതിയെന്നാണു നിർദേശിച്ചത്.

∙ പത്തനംതിട്ടയിൽ ചിലയിടങ്ങളിൽ തുറന്ന ജ്വല്ലറികളും സർവീസ് സ്റ്റേഷനും ഇരുനില വസ്ത്രാലയവും പൊലീസ് അടപ്പിച്ചു. എന്നാൽ, ചില സ്ഥലത്ത് ഇരുനില വസ്ത്രാലയം തുറന്നു പ്രവർത്തിക്കുകയും ചെയ്തു.

English summary: Lockdown relaxation: Police closes shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com