ADVERTISEMENT

അസാധാരണ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ യാത്രച്ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം അദ്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ, ചെലവു വഹിക്കാൻ കഴിവില്ലാത്തതുകൊണ്ടു മാത്രം ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല എന്നല്ല മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിനു പല സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിയും.

1. ഇന്ത്യൻ നയതന്ത്രാലയങ്ങൾക്ക്, വിശേഷിച്ചും, ഗൾഫ് രാജ്യങ്ങളിൽ അംബാസഡർമാർക്ക്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്നൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഒരു ഇന്ത്യൻ പൗരനു നാട്ടിലേക്കു തിരികെ വരേണ്ട അത്യാവശ്യം വന്നാൽ എംബസിയെ സമീപിക്കാം.

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പോലും ഇന്ത്യൻ പൗരനാണെന്നു തിരിച്ചറിയാനുള്ള രേഖകളുണ്ടെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റും ടിക്കറ്റും നൽകാറുണ്ട്. പണ്ടൊക്കെ അവർ തിരികെ നാട്ടിലെത്തി സൗകര്യമുണ്ടാകുമ്പോൾ പണം തിരികെനൽകാമെന്ന ബോണ്ട് നൽകണമായിരുന്നു. ഇപ്പോൾ അങ്ങനെയൊരു ഉപാധിപോലും ഇല്ലാതെയാണു പണം കൊടുക്കുക. ഇപ്പോൾ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മറ്റു മാർഗങ്ങളില്ലെങ്കിൽ, നിയമം ഉപയോഗിച്ച് എംബസികൾക്കു ടിക്കറ്റ് നൽകാവുന്നതാണ്.

2. ഇന്ത്യക്കാരായ ധനികർ എല്ലാക്കാലത്തും ഇത്തരം സഹായം ചെയ്യാറുണ്ട്. ഈ അവസരത്തിലും അതുണ്ടാകാവുന്നതാണ്.

3. മറ്റൊരു മാർഗം രാജ്യാന്തര സംഘടനകളുടെ സഹായം തേടലാണ്. ജനീവയിലെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ഇതുപോലുള്ള ആപൽഘട്ടങ്ങളിൽ ധനസഹായം നൽകാറുണ്ട്. കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യ ഈ സംഘടനയിൽ അംഗമായിരുന്നില്ല എങ്കിലും അവർ വളരെയധികം സഹായിച്ചു. 2008 മുതൽ ഇന്ത്യ ഈ സംഘടനയിലെ അംഗമാണ്. അവരുമായി ഇതുവരെ ചർച്ച നടത്തിയ‍ിട്ടില്ലെങ്കിൽ ഉടൻ അതാരംഭിക്കണം. 

നമ്മുടെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനുള്ള ഏക മാർഗം എല്ലാവരെയും നാട്ടിലേക്കു കൊണ്ടുവരികയല്ല. ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കണം. ആ തീരുമാനത്തിന് സാമ്പത്തിക സഹായത്തെക്കാൾ പ്രധാനം, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്.

(ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്നു ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com