ADVERTISEMENT

കായംകുളം ∙ അഞ്ചാം വിവാഹത്തിനു തയാറെടുക്കുന്നതിനിടെ നാലാം ഭാര്യയുടെ പരാതിയിൽ അൻപതുകാരൻ പിടിയിൽ. കൊല്ലം ഉമയനല്ലൂർ കിളിത്തട്ടിൽ വീട്ടിൽ മുഹമ്മദ് റഷീദ് (50) ആണു പിടിയിലായത്. അഞ്ചാമത്തെ വിവാഹത്തിനായി ചിങ്ങോലിയിലെ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണു കരീലക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷീദിന്റെ നാലാമത്തെ ഭാര്യയായ തൃശൂർ ചാവക്കാട് വടക്കേക്കാട് സ്വാദേശിയായ യുവതിയാണു പരാതി നൽകിയത്.

ഒന്നര വർഷം മുമ്പ് ഇവരെ വിവാഹം ചെയ്ത റഷീദ് എട്ടു പവൻ ആഭരണങ്ങളും 70,000 രൂപയുമായി മുങ്ങിയിരുന്നു. ഇതു സംബന്ധിച്ചു വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിലാണ് അറസ്റ്റ്. ഇയാളുടെ നീക്കങ്ങൾ അറിഞ്ഞ യുവതി ചിങ്ങോലിയിൽ എത്തുകയായിരുന്നു. തുടർന്നു കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തി നേരിട്ടു പരാതി നൽകി. കൊട്ടിയം സ്വദേശിയെ ആദ്യം വിവാഹം ചെയ്ത ഇയാൾ പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവടങ്ങളിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്.

ഓൺലൈൻ വിവാഹ സൈറ്റുകളിലും മറ്റും പരതിയാണ് ഇയാൾ നിർധന കുടുംബങ്ങളിലെ സ്ത്രീകളെ തട്ടിപ്പിൽപ്പെടുത്തിയിരുന്നത്. പണം തട്ടിയ ശേഷം നിസാര വഴക്കുകൾ ഉണ്ടാക്കി പോവുകയാണ് ഇയാളുടെ പതിവെന്നു പൊലീസ് പറഞ്ഞു. വസ്തു കച്ചവടക്കാരൻ, തുണി ബിസിനസ്, ലോറി ഉടമ, ഡ്രൈവർ തുടങ്ങിയ പല ജോലികൾ പറഞ്ഞായിരുന്നു തട്ടിപ്പ്. കൊല്ലത്ത് ലോറി ഡ്രൈവറാണെന്നു പറഞ്ഞാണ് ഇയാൾ അഞ്ചാം വിവാഹത്തിന് ഒരുങ്ങിയത്.

മുൻവിവാഹങ്ങളുമായി ബന്ധപ്പട്ട് ഇയാളുടെ പേരിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര സിഐ എസ്.എൽ. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്ഐ സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വടക്കേക്കാട് പൊലീസിന് കൈമാറി.

English Summary: Fifty year old man while getting ready for fifth marriage arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com