ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ കാലത്തു ഗാർഹിക ഉപയോക്താക്കൾക്കു ലഭിച്ചതു കനത്ത വൈദ്യുതി ബിൽ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഉപയോക്താക്കളെ വലയ്ക്കുന്ന ബിൽ എത്തിയത്. വൈദ്യുതി ഉപയോഗത്തിനനുസരിച്ചു നിരക്കു കൂടുന്ന രീതിയാണു നിലവിലുള്ളത്. ഇതു മനസ്സിലാക്കാതെ വൈദ്യുതി ഉപയോഗിച്ചവർക്കാണു വൻതുകയുടെ ബിൽ ലഭിച്ചത്.

ലോക്ഡൗൺ മൂലം മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ മീറ്റർ റീഡിങ് എടുത്തിരുന്നില്ല. ഏപ്രിൽ 15 വരെ ശരാശരി ഉപയോഗം കണക്കാക്കിയാണു ബിൽ എസ്എംഎസ് ആയി നൽകിയത്. ഏപ്രിൽ 20നു മീറ്റർ റീഡിങ് പുനരാരംഭിച്ചു. ഏപ്രിൽ 16 മുതൽ റീഡിങ് എടുക്കേണ്ട ഏതാനും ഉപയോക്താക്കളുടേത് 20നോ അതിനടുത്ത ദിവസങ്ങളിലോ ആണ് എടുത്തത്. മീറ്റർ റീഡിങ് വൈകിയതുമൂലം ഉപയോഗത്തിൽ രേഖപ്പെടുത്തിയ വർധന തിരുത്തി നൽകും. ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ബിൽ ലഭിച്ച ഗാർഹികേതര എൽടി ഉപയോക്താക്കൾ ഇത്തവണ ബിൽത്തുകയുടെ 70% അടച്ചാൽ മതി.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ (എൽടി / എച്ച്ടി / ഇഎച്ച്ടി) മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഫിക്സഡ് ചാർജ് 6 മാസത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. ഇത് എഴുതിത്തള്ളുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോടു സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം സബ്സിഡി അനുവദിച്ചില്ലെങ്കിൽ തുക നൽകേണ്ടി വരും.

∙ ‘വൈദ്യുതി ബിൽത്തുക കൂടുതലാണെന്ന പരാതി എല്ലാ വേനൽക്കാലത്തും ഉണ്ടാകാറുണ്ട്. ഇത്തവണ വേനൽക്കാലത്തു ലോക്ഡൗണായതോടെ പരാതി കൂടി. സാധാരണ പകൽ വീട്ടിൽ ആളുകൾ കുറവാണ്. ലോക്ഡൗൺ കാരണം ഒന്നര മാസമായി കുടുംബാംഗങ്ങളെല്ലാം വീട്ടിൽ കഴിഞ്ഞപ്പോൾ വൈദ്യുതി ഉപയോഗം കൂടുകയും ബിൽ തുക വർധിക്കുകയും ചെയ്തു.’ – മന്ത്രി എം.എം.മണി

English Summary: Electricity consumption increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com