sections
MORE

‘പൗർണമി’ തെളിഞ്ഞു; ഇനി ‘വിൻവിൻ!

lottery
SHARE

ലോക്ഡൗണിനുശേഷം ഇന്നലെ ലോട്ടറി വിൽപന തുടങ്ങി. ‘പൗർണമി’യുടെ ഇന്നലത്തെ വിൻ വിൻ അനുഭവങ്ങൾ.

അടിച്ചു മോളേ...! 

‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണ്യേട്ടൻ പറയുന്നതു പോലെ ആരോ വിളിച്ചു പറയുന്നതു കേട്ടപ്പോഴാണു ‘പൗർണമി’ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ ആ വാചകം ശ്രദ്ധിച്ചത് – ലോട്ടറി വിൽപന തുടങ്ങാം! 2 മാസമായി വീട്ടിൽ ലോക്ഡൗൺ ആയി ഇരിപ്പാണ് അവൾ. പുറം ലോകം കാണാനുള്ള ആഗ്രഹത്തോടെ ഇന്നലെ പുലർച്ചെ അലാം വച്ചെഴുന്നേറ്റ് നിരത്തിലിറങ്ങി. 

അകലം പാലിച്ചു നടക്കുന്ന ആൾക്കാർ പോലും സാനിറ്റൈസർ മുക്കി ഒന്നു കൈകൾ കൂട്ടിത്തിരുമ്മി അവൾക്കു നേരെ കൈനീട്ടി. മാസ്ക് ധരിച്ച ലോട്ടറി വിൽപനക്കാരുടെ കയ്യിലിരുന്ന് അവൾ പൂത്തിങ്കൾ പോലെ പുഞ്ചിരിച്ചു – പൗർണമി ആർഎൻ 435. അതാണ് ഇനിഷ്യൽ അടക്കം മുഴുവൻ പേര്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ടിക്കറ്റുകളിലൊന്ന്. ‘അനുജത്തി’ പൗർണമി ആർഎൻ 436 ഉം കൂട്ടിനുണ്ട്. ‘അനുജൻ’ വിൻവിൻ അടക്കം സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ സഹോദരങ്ങളെല്ലാം പിന്നാലെ. ഏറ്റവും പിന്നിലായി പ്ലാസ്റ്റിക് കോട്ടിട്ട് പത്രാസോടെ സമ്മർ ബംപറും. 

‘കാരുണ്യ പ്ലസ്’ പോലെ സർക്കാർ അനുമതി വന്നപ്പോൾ, നാളെയാണ്, നീളെയാണ് എന്നു കാത്തിരുന്ന ലോട്ടറി വിൽപനയ്ക്ക് വീണ്ടും തുടക്കമായി. കൃത്യം 2 മാസത്തെ ഇടവേളയ്ക്കുശേഷം ‘പ്രതീക്ഷ’യിലേക്കുള്ള കാൽവയ്പ്. 

ബവ്റിജസ് കടകളുടെയും ബാറുകളുടെയും മുൻപിൽ സാധാരണ നല്ല കച്ചവടം കിട്ടാറുള്ളതാണ്. പക്ഷേ, രണ്ടും തുറന്നിട്ടില്ല. അതുകൊണ്ട്, മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ സഞ്ചാരം. പ്രധാനമന്ത്രിയുടെ ആദ്യത്തെ ജനതാ കർഫ്യൂ വന്ന മാർച്ച് 22ന്റെ തലേന്നാണ് അവസാനമായി ഇങ്ങനെ റോഡിലൂടെ നടന്നത്. 

ഇടയ്ക്കിടെ ഭാഗ്യമന്വേഷിച്ചു വരുന്നവർ കൈനീട്ടി. അവരുടെ പോക്കറ്റിലേക്ക് ഭദ്രമായി പൗർണമി സംഘം ഇടം പിടിച്ചു. 1.39 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ ഒരു ദിവസം വിറ്റുപോയത്. അതിൽ പൗർണമി 61,275, വിൻവിൻ 50,000. സമ്മർ ബംപറിനു പോലും ഇന്നലെ ആവശ്യക്കാരുണ്ടായി. 

ചിലർ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞ ടിക്കറ്റെന്നു വിളിച്ചു പരിഹസിച്ചു. കാരണം ടിക്കറ്റിലെ നറുക്കെടുപ്പ് തീയതി പഴയതാണ്. പക്ഷേ, സർക്കാർ അതു പുതുക്കി നിശ്ചയിച്ചതിന്റെ ആശ്വാസം. ജൂൺ രണ്ടിന് പൗർണമി ആർഎൻ 435ന്റെ നറുക്കെടുപ്പോടെ സമ്മാനങ്ങൾ കിട്ടിത്തുടങ്ങുമെന്നു പറഞ്ഞപ്പോൾ കൂടുതൽ പേർ ടിക്കറ്റെടുത്തു തുടങ്ങി. 

ഇന്നുമുതൽ കൂടുതൽ ഭാഗ്യം തെളിയും, തെളിയാതിരിക്കില്ല. കോവിഡ് കാലമാണ്, കയ്യിൽ കാശില്ലാതിരിക്കുമ്പോഴാണോ ലോട്ടറി എന്നു ചിലർ ചോദിച്ചതു കേട്ടപ്പോൾ മാത്രം ‘പൗർണമി’യുടെ തൊണ്ട ഇടറി.. 

അങ്ങനെ പറയല്ലേ ചേട്ടാ, ഇത് കേരളത്തിലെ ഒന്നര ലക്ഷം കുടുംബങ്ങളുടെ ജീവിതമാണ്. അതിൽ ഭിന്നശേഷിക്കാരാണേറെയും. നടക്കാൻ വയ്യാത്തവർ, കാഴ്ചയില്ലാത്തവർ, ജീവിക്കാൻ മറ്റു മാർഗമില്ലാത്തവർ... അവരുടെ ജീവിതത്തിലെ ഭാഗ്യമാണീ പൗർണമി. 

English Summary: Lottery sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA