ADVERTISEMENT

ന്യൂഡൽഹി ∙ മകനെ അവസാനമായി കാണാനായില്ല, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി. സഹായിക്കേണ്ട ഡൽഹി പൊലീസും അധികൃതരുമെല്ലാം മാറിനിന്നു. പത്തനംതിട്ട ഇരവിപേരൂർ പടിപ്പുരയ്ക്കൽ ജെയിൻ സാമുവൽ (76) എന്ന വീട്ടമ്മയുടെ കണ്ണീർ തോരുന്നില്ല.

ജെയിനിന്റെ മകനും ടൈറ്റാനിയത്തിന്റെ മുൻ ഫുട്ബോൾ താരവുമായ തോമസ് സാമുവൽ (സന്തു–50) വെള്ളിയാഴ്ചയാണു മരിച്ചത്. ഇളയ മകൻ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ഡൽഹി രോഹിണി സെക്ടർ 6ൽ താമസിക്കുന്ന ജെയിൻ സംസ്കാരച്ചടങ്ങിനായി നാട്ടിലേക്കു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സന്തുവിന്റെ സംസ്കാരം തിങ്കളാഴ്ച കഴിഞ്ഞെങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു പോകാൻ ഇവർ തീരുമാനിച്ചു.

രോഹിണി സെക്ടർ 24ലെ ഡൽഹി പബ്ലിക് സ്കൂളിലാണ് ഇവർക്കു വേണ്ടി മെഡിക്കൽ സ്ക്രീനിങ് ഒരുക്കിയിരുന്നത്. അമ്മയെയും മൂന്നും രണ്ടും വയസ്സു വീതം പ്രായമുള്ള കുട്ടികളെയും വഴിയരികിൽ നിർത്തി പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾക്കായി ഷൈനി സ്കൂളിലേക്കു പോയി.

മടങ്ങിവന്നപ്പോൾ കണ്ടതു കനത്ത ചൂടിൽ തളർന്നു വീണ അമ്മയെ. സഹായത്തിനായി പൊലീസുകാരെയടക്കം സമീപിച്ചെങ്കിലും കോവിഡ് പേടി കാരണം ആരുമെത്തിയില്ല. നോർക്ക ഓഫിസറെത്തിയെങ്കിലും സുഖമില്ലാത്തവരെ ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്ന മറുപടി നൽകി മടങ്ങി. അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടിൽ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയിൽ താമസിക്കുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിനു ഫോൺ സന്ദേശം ലഭിക്കുന്നത്. ഉടൻ അദ്ദേഹം സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു. 

105 ഡിഗ്രി പനിയുള്ള ജെയിനെ പ്രവേശിപ്പിക്കാൻ ആദ്യം അധികൃതർ തയാറായില്ലെങ്കിലും മലയാളി നഴ്സുമാരുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു. 

English Summary: Woman who lost son collapses; people hesitate to help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com