ADVERTISEMENT

കോഴിക്കോട്∙ കാരുണ്യ ബനവലന്റ് ഫണ്ട് സഹായം നീട്ടുമെന്ന പ്രഖ്യാപനം പ്രസ്താവനയിൽ ഒതുങ്ങിയതോടെ, സൗജന്യചികിത്സ പ്രതീക്ഷിച്ച് ആശുപത്രികളിലെത്തിയ നൂറുകണക്കിനു രോഗികളുടെ പോക്കറ്റ് കാലിയായി. 

നികുതി വകുപ്പിന്റെ വ്യക്തമായ ഉത്തരവില്ലാതെ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ആശുപത്രികൾ നിലപാടെടുത്തതോടെ എല്ലാവർക്കും ചികിത്സയ്ക്കും മരുന്നിനും മുഴുവൻ പണവും അടയ്ക്കേണ്ടി വന്നു.

സൗജന്യ ഡയാലിസിസിനു വിധേയരായിരുന്നവർ ഇന്നലെ 700 രൂപയോളം മുടക്കേണ്ടി വന്നു. പരാതിയുമായി സമീപിച്ചപ്പോൾ കാരുണ്യ ബനവലന്റ് ഫണ്ട് അധികൃതരും കയ്യൊഴിഞ്ഞു.  പരാതിക്കാരുടെ ഫോൺ നമ്പറും രേഖകളും ശേഖരി‌ക്കുക മാത്രമാണ് അവർ ചെയ്തത്.

‘എല്ലാം ശരിയാക്കിയിട്ടുണ്ടെ’ന്നും കാരുണ്യ ചികിത്സ 2021 മാർച്ച് 31 വരെ മുടങ്ങില്ലെന്നുമുള്ള ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന രോഗികൾ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെക്കുറിച്ചു മാധ്യമങ്ങളിൽ കണ്ട അറിവു മാത്രമേ ഉള്ളൂ എന്നും, കൃത്യമായ ഉത്തരവില്ലാതെ നടപ്പാക്കാനാവില്ലെന്നുമായിരുന്നു മറുപടി.

നികുതി, ആരോഗ്യ വകുപ്പുകളുടെ ഉത്തരവിൽ വ്യക്തത ഇല്ലാത്തതാണു പ്രശ്നം. ‘മേയ് 31 നു ശേഷം കാരുണ്യ ചികിത്സ തടസ്സപ്പെടുമെന്നു ’ കഴിഞ്ഞയാഴ്ച മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അടുത്ത മാർച്ച് വരെ സഹായം മുടങ്ങില്ലെന്നു മന്ത്രി പ്രഖ്യാപിച്ചത്.

English summary: Karunya benevolent fund

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com