ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ നിർണായക തെളിവായ കത്തി കണ്ടെത്താൻ അന്വേഷണ സംഘത്തിനു മുൻപിൽ 2 ദിവസം ബാക്കി. അഭിമന്യുവിനെ കുത്തിയ മുഖ്യപ്രതി സഹൽ ഹംസയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ 30 വരെയാണ് കോടതി സമയം നൽകിയിട്ടുള്ളത്.

കൊല നടത്തിയ ശേഷം സഹൽ ഹംസ ഓട്ടോറിക്ഷയിൽ പശ്ചിമ കൊച്ചിയിലേക്കു പോയെന്നാണ് സാക്ഷിമൊഴി. ഓട്ടോറിക്ഷ പാലം കടക്കുന്നതിനിടെ പ്രതി ‘എന്തോ ഒന്ന്’ കായലിലേക്കു വലിച്ചെറിഞ്ഞെന്നും സാക്ഷിമൊഴിയുണ്ട്.

 നഗരത്തിൽ നിന്നു പശ്ചിമ കൊച്ചിയിലെത്താൻ 2 പാലം കടക്കാനുള്ളതിനാൽ ഏതു പാലത്തിന്റെ ഏതു ഭാഗത്തു വച്ചാണു വലിച്ചെറിഞ്ഞതെന്നു കണ്ടെത്തണം. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്ത്രങ്ങളും പ്രതി ഓട്ടോയിലിരിക്കെ ഊരി വലിച്ചെറിഞ്ഞിരുന്നു.

ഇതിനിടെ, കുതന്ത്രത്തിലൂടെ പ്രതിഭാഗം ‘വ്യാജ കത്തി’ കൈമാറാനുള്ള സാധ്യതയുള്ളതിനാൽ പ്രതി കാണിക്കുന്ന തൊണ്ടിമുതലുകൾ തെളിവായി സ്വീകരിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കായലിൽ കണ്ടെത്തിയാൽ വിചാരണയിൽ അതു വലിയ നേട്ടമാകും. 

27 റിക്കവറി: തെളിവ് നിയമത്തിന്റെ കരുത്ത്

അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ‘നയിച്ച് ആനയിച്ചു’ കൊണ്ടുപോയി കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലത്തു നിന്നു സ്വന്തം കൈകൊണ്ട് എടുത്തുകൊടുക്കുന്ന നടപടിയാണ് ‘27 റിക്കവറി’. ഇന്ത്യൻ തെളിവു നിയമത്തിലെ 27–ാം വകുപ്പു പ്രകാരം ഇതു തെളിവായി സ്വീകരിക്കാം. പ്രതിക്കെതിരായ ഏറ്റവും ശക്തമായ നിയമ നടപടിയാണിത്.

English summary: Abhimanyu murder case investigation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com