ADVERTISEMENT

തിരുവനന്തപുരം ∙ 4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിർമിക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കലിനും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാർ നൽകിയതിൽ ഗുരുതര അഴിമതിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ ഇല്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും മന്ത്രിസഭ അറിയാതെയുമാണു കരാർ നൽകിയതെന്നാണ് ആരോപണം.

ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉൾപ്പെടെ ഇന്ത്യയിൽ 9 കേസുകൾ നേരിടുന്നുണ്ട്. രണ്ടു വർഷത്തേക്ക് ‘സെബി’യുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലക്കുമുണ്ട്.

ഇതു നിലനിൽക്കെയാണ്, 2019 ഓഗസ്റ്റ് 17നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കമ്പനിക്കു കൺസൽറ്റൻസി നൽകാൻ തീരുമാനിച്ചത്. നവംബർ 7നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഇതിനു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ല.

കൊച്ചി –പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോൺ പദ്ധതികൾക്കും കൺസൽറ്റൻസി നൽകിയത് ഇതേ കമ്പനിക്കാണ്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയോടുള്ള താൽപര്യവും ബന്ധവും എന്താണ് ? തന്റെ അറിവോടെയാണോ ഈ കരാറെന്നു ഗതാഗത മന്ത്രി വ്യക്തമാക്കണം. കരാർ റദ്ദാക്കി നിയമനടപടി സ്വീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ലെന്ന്  ഓർമ: മന്ത്രി ശശീന്ദ്രൻ

കോഴിക്കോട് ∙ കൺസൽറ്റൻസിക്ക് ഏതെങ്കിലും കമ്പനിയുമായി കരാറിലെത്തിയോ എന്നു സംശയമാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഓർമ. ആരോപണങ്ങൾക്ക് ഫയൽ പരിശോധിച്ച് മറുപടി പറയാം. ഒരു കമ്പനിയുമായും താൻ ചർച്ച നടത്തിയിട്ടില്ല. ആർക്കെങ്കിലും കരാർ കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. കമ്പനിക്കു കൺസൽറ്റൻസി കരാർ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനു മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

കമ്പനിക്കു കൊടുക്കേണ്ടി വരിക 80 ലക്ഷം രൂപ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 3000 ഇലക്ട്രിക് ബസ് നിർമാണം ഉൾപ്പെടെ വരുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്കു സർക്കാർ നൽകേണ്ടി വരിക 80 ലക്ഷം രൂപ. 2019 നവംബർ 7 നാണ് ഈ കമ്പനിക്കു കരാർ നൽകാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. ധാരണാപത്രം ഒപ്പിട്ടിട്ടില്ല.

സ്വിറ്റ്സർലൻഡിലും പോർച്ചുഗലിലും ഇ–ബസ് നിർമിക്കുന്ന ഇ ബസ് കിറ്റ് മാനുഫാക്ചർ ഹെസ് ആൻഡ് കെയ്റ്റനോ എന്ന സ്വിസ് കമ്പനി കേരളത്തിൽ ഇ ബസ് നിർമിക്കാൻ താൽപര്യപ്പെട്ടിരുന്നു. ഇങ്ങനെ ഇ ബസ് നിർമിച്ചാലുള്ള ഗുണം, ജോലിസാധ്യത, കേരളത്തിന്റെ വികസന സാധ്യത തുടങ്ങിയവയാണു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനി പഠിക്കേണ്ടത്. 

ഇ ബസ് പോലെ ഇ–മൊബിലിറ്റി പദ്ധതിയിൽ വേറെയും പദ്ധതികൾ ഒരുങ്ങുന്നുണ്ട്. ഇതിനെല്ലാം കൺസൽറ്റൻസിയായാണു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വരിക. കേരള ഓട്ടമൊബീൽസുമായി (കെഎഎൽ)മായി ചേർന്നു സംയുക്ത സംരംഭമെന്ന പദ്ധതിയാണു സ്വിസ് കമ്പനി മുന്നോട്ടു വച്ചത്. 74% ഓഹരി കമ്പനിക്കായിരിക്കും.

3000 ബസുകൾ കെഎസ്ആർടിസി ആദ്യഘട്ടത്തിൽ വാങ്ങാനും 5 വർഷത്തിനകം പൂർണമായി ഇ–ബസിലേക്കു മാറാനുമായിരുന്നു പ്രാഥമിക ആലോചന. അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ 412 ബസുകളാണ് ഇൗ വർഷം കെഎസ്ആർടിസിയിൽ കാലാവധി തീരുന്നത്. പക്ഷേ, ഒരു ഇ– ബസ് വാങ്ങാൻ 2.5 കോടി രൂപ എന്ന നിരക്കിൽ കെഎസ്ആർടിസി കണ്ടെത്തണം.

ഇ–ബസ് വാടകയ്ക്കെടുത്തപ്പോൾ കിലോമീറ്ററിന് 75 രൂപ വരെയാണു കെഎസ്ആർടിസിക്കു ചെലവായത്. ഇതിൽ 49 രൂപ വാടകയാണ്. എന്നാൽ ബസ് വാങ്ങിയാൽ ഈ തുക ലാഭിക്കാം. അപ്പോൾ കിലോമീറ്ററിന് സർവീസ് ചെലവ് 30 രൂപയിൽ നിൽക്കും. സാധാരണ ബസിന് 26 രൂപ വരെ സർവീസ് ചെലവുണ്ട്.

English summary: E-Mobility project details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com