ADVERTISEMENT

തിരുവനന്തപുരം ∙ ‘‘യുഡിഎഫ് ഒരു തീരുമാനം എടുത്താൽ ഘടകകക്ഷികൾ അതു പാലിക്കണം; എങ്കിലേ മുന്നണിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ’’– കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിക്കവെ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞതിങ്ങനെ. 

14 മാസത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം 8– 6 മാസങ്ങളായി പങ്കുവയ്ക്കാനുള്ള കരാർ നടപ്പാക്കാൻ പറഞ്ഞപ്പോൾ അങ്ങനെ  ധാരണ തന്നെ ഇല്ലെന്ന നിലപാടാണു ജോസ് പക്ഷം സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫിന്റെ നിർദേശവും തള്ളി. വിഡിയോ കോൺഫറൻസ് വഴി ചേരുന്ന നാളത്തേത് ഉൾപ്പെടെയുള്ള യുഡിഎഫ് യോഗങ്ങളിലേക്കു ജോസ് വിഭാഗത്തെ വിളിക്കില്ലെന്നും വ്യക്തമാക്കി. 

രാവിലെ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹനാൻ എന്നിവർ കൂടിയാലോചന നടത്തിയിരുന്നു. തുടർന്ന് പി.ജെ. ജോസഫിനെയും അദ്ദേഹത്തിന്റെ പക്ഷത്തെ സി.എഫ്.തോമസ്, മോൻസ് ജോസഫ്, ജോയ് ഏബ്രഹാം എന്നിവരെയും കന്റോൺമെന്റ് ഹൗസിലേക്കു വിളിച്ചു. രാജിവയ്ക്കാൻ  ശനിയാഴ്ച വരെ നൽകിയ സമയപരിധി തീർന്നതിനാൽ അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് പിന്തുണയ്ക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. 

ഘടക കക്ഷിക്കെതിരായ അവിശ്വാസ നീക്കം അനൗചിത്യമാണെന്നതിനാൽ അതിനു മുൻപ് അവരെ മുന്നണിയിൽ നിന്ന് ഒഴിവാക്കാമെന്ന് അതോടെ തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയോടും ആലോചിച്ച ശേഷമായിരുന്നു തീരുമാനം. 

ഏറെ ശ്രമിച്ചു: കുഞ്ഞാലിക്കുട്ടി

മലപ്പുറം ∙ ജോസ് കെ. മാണിയെ യുഡിഎഫിനൊപ്പം നിർത്താൻ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നു പി.കെ. കുഞ്ഞാലിക്കുട്ടി. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് യുക്തമായ തീരുമാനമെടുക്കാൻ കോൺഗ്രസിനോടു പറഞ്ഞിരുന്നു. മുൻപു ലീഗും ചർച്ചകൾക്കു മുൻകയ്യെടുത്തിരുന്നു. ഇപ്പോൾ തങ്ങൾക്ക് അനുരഞ്ജനത്തിനു രംഗത്തിറങ്ങാനാകില്ല. ഇന്ന് ചേരുന്ന പാർട്ടി ഉന്നതാധികാര സമിതിയിൽ വിഷയം ചർച്ച ചെയ്യും. 

English summary: Kerala Congress M (Jose) expelled from UDF 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com