ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടിലയിൽ ഒന്നിനെ അടർത്തി മാറ്റാനുള്ള ധൈര്യം യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാകില്ലെന്നു കരുതിയവർക്കു തെറ്റി. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരിൽ യുഡിഎഫ് രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയം തന്നെയും വഴിത്തിരിവിലെത്തി. പാലായിലെ അപ്രതീക്ഷിത അട്ടിമറി യുഡിഎഫ് നേതൃത്വത്തെ എത്രമാത്രം വേട്ടയാടുന്നു എന്നതാണു രണ്ടിലൊന്ന് എന്ന തീരുമാനത്തിന്റെ അടിത്തട്ടിൽ തെളിയുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ച മേധാവിത്തം അടിയറ വയ്ക്കേണ്ടി വന്നത് പാലായിലെ തോൽവി മൂലമാണെന്നു യുഡിഎഫ് വിശ്വസിക്കുന്നു. 5 പതിറ്റാണ്ടോളം കൂടെ നിന്ന മാണിയുടെ ‘സ്വന്തം പാലാ’ കയ്യിൽനിന്നു പോയതോടെ വട്ടിയൂർക്കാവിലും കോന്നിയിലും വരെ ജയിക്കാമെന്ന ആത്മ വിശ്വാസത്തിലേക്ക് ഇടതുമുന്നണി വളർന്നു. തമ്മിലടിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നു ജനം തീരുമാനിച്ചതാണു പാലായിൽ സംഭവിച്ചതെന്നു കരുതുന്ന യുഡിഎഫ് സ്ഥിതി തുടർന്നാൽ ഇനിയും നഷ്ടക്കച്ചവടമായിരിക്കുമെന്നും ആശങ്കപ്പെടുന്നു.

യുഡിഎഫ് പ്രതീക്ഷിക്കുന്നത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കണമെന്ന നിർദേശം അംഗീകരിച്ചാൽ ഇനിയും മുന്നണിയിൽ തുടരാനുള്ള പഴുത് ജോസിനുണ്ടെന്നു പറയുന്നുവെങ്കിലും വഴങ്ങുമെന്നു കരുതുന്നില്ല. എൽ‍ഡിഎഫിലേക്കുള്ള വഴി തെളിഞ്ഞാലും അങ്ങോട്ടു ചേക്കേറാൻ ഒരു വിഭാഗം നേതാക്കൾ തയാറാകില്ലെന്നു വിശ്വസിക്കുന്നു. തമ്മിലടിക്കാർക്ക് ഇടമില്ലെന്ന കർശന നിലപാടു മുന്നണിയുടെ പ്രതിഛായ വർധിപ്പിക്കുമെന്നും പ്രതീക്ഷ. പ്രബല കേരളകോൺഗ്രസ് വിഭാഗത്തിന്റെ വോട്ടു ചോരുന്നതു ചില മണ്ഡലങ്ങളിൽ ആശങ്ക കൂട്ടും.

എൽഡിഎഫ് കാണുന്നത്

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഒരു കേരള കോൺഗ്രസ് വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നു കരുതിയെങ്കിലും ഇതു പ്രതീക്ഷിച്ചതല്ല. കേരള കോൺഗ്രസിലെ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയാ തോമസ് വിഭാഗങ്ങളെ ഘടക കക്ഷിയാക്കിയ സിപിഎം ജോസ് കെ. മാണി വിഭാഗത്തെ കിട്ടിയാൽ നേട്ടമെന്നു കരുതും.

എൽഡിഎഫിന് ആകെ ഒരു ലോക്സഭാംഗമാണുള്ളതെങ്കിൽ തോമസ് ചാഴികാടൻ കൂടി വന്നാൽ ഇരട്ടിയായി. ജോസ് കെ. മാണിയിലൂടെ ഒരു രാജ്യസഭാംഗത്തെയും എൻ.ജയരാജ്‍ (കാഞ്ഞിരപ്പള്ളി) റോഷി അഗസ്റ്റിൻ (എൽഡിഎഫ്) എന്നീ എംഎൽഎമാരെയും ലഭിക്കുന്നു. കേരള കോൺഗ്രസ് വിരുദ്ധ നിലപാടെടുക്കുന്ന സിപിഐയെ മെരുക്കേണ്ടി വരും.

ജോസ് വിഭാഗത്തിനു മുന്നിൽ

യുഡിഎഫിന്റെ ഏകപക്ഷീയ തീരുമാനത്തോട് അടിപ്പെട്ടു മുന്നണിയിൽ നിൽക്കാനുള്ള സാധ്യതയില്ല. തിരക്കിട്ട തീരുമാനത്തിലൂടെ അനീതി കാട്ടിയെന്ന വികാരം ശക്തിപ്പെടുത്തി എല്ലാവരെയും ഒരുമിപ്പിച്ചു നിർത്താൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ സർക്കാരിന്റെ കാലത്തു തന്നെ എൽഡിഎഫ് മന്ത്രിസഭയുടെ ഭാഗമായി യുഡിഎഫിനു തിരിച്ചടി നൽകണമെന്ന അഭിപ്രായവുമുണ്ട്.

എൻസിപിയുടെ സിറ്റിങ് സീറ്റായി മാറിയ പാലാ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന കാര്യത്തിൽ ഉറപ്പു വാങ്ങാനാകുമോയെന്നതിൽ സന്ദേഹമുണ്ട്. എൻഡിഎ കേന്ദ്രമന്ത്രി പദം വരെ നൽകിയേക്കാമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ല എന്നതിനാൽ അതിനു സാധ്യത കുറവ്.

നഷ്ടം യുപിഎയ്ക്കും

ജോസ് കെ. മാണി വിഭാഗം യുഡിഎഫിനു പുറത്തുപോയാൽ യുപിഎയ്ക്കു 2 പാർലമെന്റ് അംഗങ്ങളെ നഷ്ടമാകും. രാജ്യസഭാംഗം ജോസ് കെ. മാണി, ലോക്സഭാംഗം തോമസ് ചാഴികാടൻ എന്നിവരുടെ അഭാവമുണ്ടാകും. 

പുറത്താക്കൽ അപൂർവം

മുഖ്യകക്ഷിയുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചു ചെറുകക്ഷികൾ മുന്നണി വിടുന്ന കാഴ്ച കേരള രാഷ്ട്രീയത്തിൽ ധാരാളമെങ്കിലും മുന്നണിയിൽ നിന്നുള്ള പുറത്താക്കൽ വിരളം.

ദേശീയതലത്തിലുള്ള ബിജെപി ബന്ധത്തിന്റെ പേരിൽ എൻസിപിയെ ഏതാനും വർഷം മുൻപ് എൽഡിഎഫിൽ നിന്നു മാറ്റി നിർത്തിയിരുന്നു. എൽഡിഎഫിലുള്ള കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിലെ ചേരിപ്പോര് മൂത്തപ്പോൾ തോമസിനെ മുന്നണി യോഗത്തിൽ നിന്നു തന്നെ പുറത്താക്കാനും സിപിഎം തയാറായി. 2005 ൽ ആന്റണിക്കു പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ കേരള കോൺഗ്രസ് പിള്ള, ജേക്കബ് വിഭാഗങ്ങളെ മന്ത്രിസഭയിൽനിന്നു പുറത്തു നിർത്തിയതാണ് ഇതിനു മുൻപു യുഡിഎഫ് എടുത്ത കർശന നടപടി.

English summary: UDF on turning point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com