ADVERTISEMENT

തിരുവനന്തപുരം ∙ മുന്നണി ധാരണ പാലിക്കാത്തതിന്റെ പേരിൽ കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കി. ജോസ് വിഭാഗത്തെ നടുക്കുകയും പി.ജെ. ജോസഫ് വിഭാഗത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്ത തീരുമാനത്തിന്റെ പ്രത്യാഘാതമെന്നോണം മുന്നണി ബന്ധങ്ങളിലെ മാറ്റങ്ങൾക്കു വരെ സംസ്ഥാന രാഷ്ട്രീയം കാതോർക്കുന്നു. 

കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ നിർദേശം പാലിക്കാത്തതിന്റെ പേരിലാണു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ കന്റോൺമെന്റ് ഹൗസിൽ കടുത്ത തീരുമാനം പ്രഖ്യാപിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവച്ച് ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന നിർദേശം ജോസ് വിഭാഗം തളളിയതിനാൽ അവർക്കു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നായിരുന്നു കന്റോൺമെന്റ് ഹൗസിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ പ്രഖ്യാപനം. ഘടകകക്ഷികളുമായെല്ലാം സംസാരിച്ചു ഏകകണ്ഠ തീരുമാനമാണെന്നും അറിയിച്ചു. വിഷയത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനത്തിനൊപ്പമാണു മുസ്‌ലിം ലീഗ് എന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

പാർട്ടിയുടെ ആത്മാഭിമാനമാണു വലുതെന്നും ഭാവി കാര്യങ്ങൾ ഇന്നു രാവിലെ സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്യുമെന്നു ജോസ് കെ. മാണി പറഞ്ഞു.

പുറത്താക്കിയത് മാണിയെ: ജോസ്

കോട്ടയം ∙ യുഡിഎഫ് കെട്ടിപ്പടുക്കുകയും 38 വർഷം കാത്തുസൂക്ഷിക്കുകയും ചെയ്ത കെ.എം. മാണിയെയാണ് പുറത്താക്കിയിരിക്കുന്നതെന്നു ജോസ് കെ. മാണി. ധാരണ ലംഘിച്ചവർക്കെതിരെയാണു നടപടിയെങ്കിൽ പി.ജെ. ജോസഫിനെ ആയിരം വട്ടം പുറത്താക്കണം. ഇതു ‘സെലക്ടീവ് ജസ്റ്റിസും’ അതുകൊണ്ടുതന്നെ ‘ഇൻജസ്റ്റിസു’മാണെന്നും പറഞ്ഞു. 

ഇതു നീതി; നല്ല മാറ്റം: ജോസഫ്

തിരുവനന്തപുരം ∙ നീതിപൂർവകമായ തീരുമാനമെന്നു പി.ജെ. ജോസഫ്. യുഡിഎഫിന്റെ ധാരണയുണ്ടെന്നുപോലും സമ്മതിക്കാത്ത നിലപാടാണു ജോസ് കെ. മാണി സ്വീകരിച്ചത്. പാലായിൽ മാണിയാണു ചിഹ്നമെന്നു പ്രഖ്യാപിച്ച ജോസ് ഇപ്പോൾ ചിഹ്നത്തെക്കുറിച്ചു പറയുന്നതിൽ കാര്യമില്ല. മാണിയുടെ നയങ്ങൾ പോലും അവർ അംഗീകരിച്ചില്ല. നല്ല മാറ്റങ്ങൾ യുഡിഎഫിലും കേരള കോൺഗ്രസിലും ഉണ്ടാകുമെന്നും പറഞ്ഞു. 

English summary: Kerala Congress faction led by Jose K Mani expelled from UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com