ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വെല്ലുവിളി അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയെഴുതി റെക്കോർഡ് വിജയം നേടിയ വിദ്യാർഥികൾക്കും പരീക്ഷയ്ക്കു സജ്ജീകരണമൊരുക്കിയ സർക്കാരിനും അപൂർവനേട്ടം. മറ്റു മിക്ക സംസ്ഥാനങ്ങൾക്കും കോവിഡ് പ്രതിസന്ധിക്കു ശേഷം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനായിട്ടില്ല. സിബിഎസ്ഇ ഉൾപ്പെടെ മുടങ്ങിയ പരീക്ഷകൾ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

മാർച്ച് 10നു തുടങ്ങിയ പരീക്ഷ കോവിഡ് വ്യാപനത്തെത്തുടർന്നു 19നു നിർത്തിവയ്ക്കേണ്ടി വന്നു. ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകൾ നടത്തിയതു മേയ് 26 മുതൽ 28 വരെ. സുരക്ഷ വലിയ വെല്ലുവിളിയായിരുന്നെങ്കിലും വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശസ്ഥാപന വകുപ്പുകൾ അതു സധൈര്യം ഏറ്റെടുത്തു. കുട്ടികളുടെ യാത്രയ്ക്കു സന്നദ്ധസംഘടനകളും കക്ഷിഭേദമെന്യേ ജനപ്രതിനിധികളും മുന്നോട്ടുവന്നു. അധ്യാപകരും അനധ്യാപകരും ചേർന്നു കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തി.

ജൂൺ ആദ്യ ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സമയത്തായിരുന്നു മൂല്യനിർണയം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ മൂല്യനിർണയ ക്യാംപുകളിൽ അധ്യാപകർ എത്തി. പരീക്ഷയെഴുതിയ കുട്ടികൾക്കോ നേതൃത്വം നൽകിയ അധ്യാപകർക്കോ രോഗം പകരാതെ തന്നെ പരീക്ഷയും മൂല്യനിർണയവും പൂർത്തിയാക്കാനും ഫലം പ്രഖ്യാപിക്കാനും കഴിഞ്ഞതും സർക്കാരിനു നേട്ടമായി.

English summary: SSLC exam result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com