ADVERTISEMENT

കോട്ടയം ∙ ഒരു മുന്നണിയുമായും ഒരു നേതാവുമായും ചർച്ച നടത്തിയിട്ടില്ലെന്നും തൽക്കാലം ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിൽക്കുമെന്നും കേരള കോൺഗ്രസ് എം (ജോസ്) ചെയർമാൻ ജോസ് കെ. മാണി . 

യുഡിഎഫുമായി  ഇനി ഒരു തരത്തിലുള്ള ചർച്ചയ്‌ക്കും പ്രസക്‌തിയില്ലെന്ന് ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന സ്‌റ്റിയറിങ് കമ്മറ്റി യോഗം പ്രഖ്യാപിച്ചു.ഭാവി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ   ചുമതലപ്പെടുത്തി. ഈ മാസം പത്തിനകം വിവിധ തലങ്ങളിൽ യോഗം ചേർന്ന് തീരുമാനം പ്രവർത്തകരെ അറിയിക്കുമെന്നും  യോഗശേഷം ജോസ് കെ. മാണി പറഞ്ഞു.

2016ൽ കേരള കോൺഗ്രസ് യുഡിഎഫ് വിട്ടപ്പോൾ ചരൽക്കുന്നിലെ യോഗത്തിൽ തീരുമാനിച്ചതു പോലെ സ്വതന്ത്രമായി നിന്ന് പാർട്ടി ശക്തിപ്പെടുത്തണമെന്നാണ്  കൂടുതൽ പേരും നിർദേശിച്ചത്. യുഡിഎഫുമായി വീണ്ടും ചർച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഹൃദയ ബന്ധം മുറിച്ചു മാറ്റിയത് അവരല്ലേ എന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. 

കർഷക പെൻഷൻ മുതൽ കാരുണ്യ പദ്ധതി വരെ യുഡിഎഫിന് ജനകീയ മുഖം നൽകിയത് കെ.എം. മാണിയാണ്. ആ ബന്ധമാണ് കേവലം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പദവിയുടെ പേരിൽ മുറിച്ചു കളഞ്ഞത് . 

‘‘പി.ജെ. ജോസഫിന് രാഷ്ട്രീയ അഭയം നൽകിയത് കെ.എം. മാണിയാണ്. കെ. എം. മാണി പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ ജോസഫ് ശ്രമിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് കൈക്കലാക്കാൻ നോക്കി. പാലായിലെ ഞങ്ങളുടെ വീട് കെ.എം. മാണി‌ മ്യൂസിയം ആക്കണമെന്ന ആവശ്യം ഉയർത്തി.  ജോസഫിന്റെ ആവശ്യങ്ങൾ അനാവശ്യങ്ങളാണ്. അവ ചെറുത്തതാണ് എനിക്കെതിരെ നീചമായ വേട്ടയാടലും വ്യക്തിഹത്യയും നടത്താൻ കാരണം’’ ജോസ് കെ. മാണി പറഞ്ഞു. 

പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, മുതിർന്ന നേതാക്കളായ ജോസഫ് എം. പുതുശേരി, പി.കെ. സജീവ്, സ്റ്റീഫൻ ജോർജ്, പ്രഫ. കെ.എ. ആന്റണി തുടങ്ങിയവർ പങ്കെടുത്തു. 

ജോസഫിനും യുഡിഎഫിനും വിമർശനം

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ സ്റ്റീയറിങ് കമ്മിറ്റി യോഗത്തിൽ പി.ജെ. ജോസഫിനും യുഡിഎഫിനുമെതിരെ വിമർശനം. എന്നാൽ പരസ്യ പ്രതികരണത്തിൽ കടന്നാക്രമണം നടത്താതിരിക്കാൻ നേതൃത്വം ശ്രദ്ധിച്ചു. 

പ്രിൻസും ജോസ് മോനും ജോസഫ് വിഭാഗത്തിലേക്ക്

കോട്ടയം ∙  കേരള കോൺഗ്രസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രിൻസ് ലൂക്കോസ്, ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവരും പാലാ നഗരസഭയിലെ അഞ്ച് കൗൺസിലർമാരും ജോസഫ് വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചു.

പി.ജെ. ജോസഫിനും  സി.എഫ്. തോമസിനും ഒപ്പം ചങ്ങനാശേരിയിൽ വച്ചാണ് പ്രിൻസ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ്മോൻ  നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റിൽ വിമത സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 

പാലാ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തോട്ടം, മുൻ നഗരസഭാധ്യക്ഷയും കൗൺസിലറുമായ പ്രഫ.സെലിൻ റോയി, കൗൺസിലർമാരായ പി.കെ.മധു പാറയിൽ, ജോബി വെള്ളാപ്പാണി, ടോമി തറക്കുന്നേൽ എന്നിവരും ജോസഫ് പക്ഷത്തേക്കു മാറി. 

English summary: Not ready to join any front Jose K Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com