sections
MORE

കൺസൽറ്റൻസി സ്വിസ് കമ്പനിയുമായുള്ള ഇടപാട് വെള്ള പൂശാൻ: ചെന്നിത്തല

ramesh-chennithala
SHARE

തിരുവനന്തപുരം∙ ഇലക്ട്രിക് ബസ് നിർമാണ പദ്ധതി (ഇ–മൊബിലിറ്റി) റിപ്പോർട്ട് തയാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ (പിഡബ്ല്യുസി) ചുമതലപ്പെടുത്തിയതു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഒരു കമ്പനിയുമായി ബസ് നിർമാണ കരാർ ഉറപ്പിച്ച ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിൽ തന്നെ അതിനോട് എതിർപ്പ് ഉയർന്നപ്പോഴാണു പിഡബ്ല്യുസിയെ കൺസൽറ്റൻ‍സിയായി നിശ്ചയിച്ചത്.

പിഡബ്ല്യുസിക്കെതിരായ വെളിപ്പെടുത്തൽ മുഖ്യമന്ത്രി നിഷേധിച്ചതോടെയാണു കൂടുതൽ ആരോപണങ്ങളുമായി ചെന്നിത്തല രംഗത്തെത്തിയത്. ‘സെബി’യുടെ ഉത്തരവു മറച്ചുവച്ച് ഒരു ബഹുരാഷ്ട്ര കുത്തകയെ വെള്ള പൂശാനാണു സിപിഎമ്മിന്റെ മുഖ്യമന്ത്രി മുതിർന്നതെന്നും രമേശ് പറഞ്ഞു.

3000 ഇലക്ട്രിക് ബസ് നിർമിക്കാൻ ‘ഹെസ്’ എന്ന സ്വിസ് കമ്പനിയുമായി സർക്കാർ ധാരണയുണ്ടാക്കിക്കഴിഞ്ഞു. കേരള ഓട്ടമൊബീൽ ലിമിറ്റഡുമായി ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ധാരണാപത്രം കൈമാറി. ആകെ ഓഹരിയിൽ 49% കെഎഎല്ലിനും ബാക്കി ഹെസിനുമാണ്.

ഈ ഇടപാടിനെ ധനവകുപ്പും മുൻ ചീഫ് സെക്രട്ടറി ടോം ജോസും എതിർത്തു. ഹെസിനെ തിരഞ്ഞെടുത്തത് എങ്ങനെയാണെന്നു ചീഫ് സെക്രട്ടറിയും ഫണ്ട് എവിടെ നിന്നാണെന്നു ധന സെക്രട്ടറിയും ചോദിച്ചു. സ്വിസ് കമ്പനിയുമായുള്ള കരാറിനെ വെള്ള പൂശാനുള്ള റിപ്പോർട്ടിനു വേണ്ടിയാണു പിഡബ്ല്യുസിയുടെ സേവനം തിടുക്കത്തിൽ തേടിയത്.

പിഡബ്ല്യുസിയെ സെബി നിരോധിച്ചിട്ടില്ലെന്നും ഓഡിറ്റ് കമ്പനിയെയാണു നിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണ്. നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വിവിധ പേരുകൾ സ്വീകരിക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രൈസ് വാട്ടർ ഹൗസ് എന്ന കമ്പനിയുടെ എല്ലാ നെറ്റ്‍വർക്കുകളും നിരോധിക്കണമെന്നുമാണു സെബി ഉത്തരവിൽ പറയുന്നത്.

കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള ‘നിക്‌സി’ എംപാനൽ ചെയ്ത കമ്പനിയായതിനാൽ ടെൻഡറില്ലാതെ കരാർ നൽകാമെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. എംപാനൽ കമ്പനികൾക്കു നേരിട്ടു കരാർ നൽകാൻ നിക്‌സി നിർദേശിച്ച നിബന്ധനകൾ സർക്കാർ പാലിച്ചിട്ടില്ല. 

ഇതേസമയം, ഇ–ബസ് പദ്ധതിയെ താൻ എതിർത്തെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. പദ്ധതിയെ ധനവകുപ്പ് എതിർത്തെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം മന്ത്രി ഒഴിഞ്ഞു മാറി. ആവർത്തിച്ചു ചോദിച്ചപ്പോഴാണ്, എതിർത്തിട്ടില്ലെന്നു വ്യക്തമാക്കിയത്.

ഉന്നയിച്ച മറ്റു ചോദ്യങ്ങൾ

∙ ഇ–മൊബിലിറ്റി പദ്ധതി വഴി നിർമിക്കുന്ന ബസുകളുടെ വില എങ്ങനെ നിശ്ചയിച്ചു.

∙ സ്വിസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനും ഓഹരി പങ്കാളിത്തവും ആരാണു തീരുമാനിച്ചത്.

∙ 6000 കോടി രൂപയുടെ മുതൽമുടക്കുള്ള പദ്ധതിക്കായി എന്തുകൊണ്ട് ആഗോള ടെൻഡർ വിളിച്ചില്ല.

∙ കരാർ ഉറപ്പിച്ച ശേഷം പിഡബ്ലുസി പ്രായോഗിക പഠനം നടത്തുന്നത് എന്തിനാണ്.

∙ വിശദപദ്ധതി രേഖ തയാറാക്കിയ യോഗത്തിൽ ‘ഹെസ്’ പ്രതിനിധികൾ പങ്കെടുത്തത് എല്ലാം മുൻകൂട്ടി കരാറാക്കിയതിനു തെളിവല്ലേ.

∙ പ്രൈസ് വാട്ടർ കൂപ്പറിനോടു പിണറായി വിജയന് എന്താണ് ഇത്ര സ്നേഹം? അവർക്കു തന്നെ കൺസൽറ്റൻസി കൊടുക്കാനുള്ള തീരുമാനത്തിനു പിന്നിൽ എന്താണ്.

English summary: Ramesh Chennithala on E-Mobility 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA