ADVERTISEMENT

മൂന്നരപ്പതിറ്റാണ്ടു മുൻപു കോഴിക്കോട് ചക്കോരത്തുകുളത്ത് പുരാവസ്തുക്കളുടെ വിൽപനശാലയുള്ള ബേബിയുടെ കടയിൽ വച്ചാണ് രൈരുനായരെ ആദ്യമായി കാണുന്നത്. കയ്യിൽ വലിയൊരു ചൈനീസ് കർപ്പൂരപ്പെട്ടിയുണ്ട് (ചൈനീസ് കാംഫെർ ചെസ്റ്റ്). കർപ്പൂരമണമാണ് ചൈനീസ് പെട്ടിക്ക്.  കീടങ്ങളൊന്നും കയറില്ല. പുരാതന കാലം തൊട്ട് ഉപയോഗത്തിലുള്ളതുകൊണ്ട് അതിനു മൂല്യം കൂടുതലാണ്. 

രൈരുവേട്ടൻ പെട്ടി വിൽക്കാൻ വന്നതാണ്. ‘‘താങ്കൾക്ക് ഇതു ശരിക്കും വിൽക്കേണ്ട ആവശ്യമുണ്ടോ?’’ – എന്റെ ചോദ്യത്തോട് ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ താൽപര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മൂല്യമേറെയാണ്. വിൽക്കേണ്ട കാര്യമില്ലെങ്കിൽ വീട്ടിൽത്തന്നെ സൂക്ഷിക്കൂ.’’– അദ്ദേഹത്തോടു ഞാൻ പറഞ്ഞു.

അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. സത്യസന്ധമായി ഇടപെട്ടു എന്നതാണ് അദ്ദേഹം കണ്ട മേന്മ. അന്നു മുതൽ വ്യക്തിപരമായും മലയാള മനോരമ എന്ന സ്ഥാപനത്തോടും അദ്ദേഹം മനസ്സുകൊണ്ടു നെയ്ത ഇഴയടുപ്പം അവസാന ശ്വാസം വരെയുണ്ടായിരുന്നുവെന്ന് എനിക്കുറപ്പാണ്. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി.മാമ്മൻ മാപ്പിളയുടെ ഛായാചിത്രം തലശ്ശേരിയിലെ മേലൂരിലെ രൈരുവേട്ടന്റെ വീടിന്റെ സ്വീകരണമുറിയിൽ ഇടംപിടിക്കുന്നിടത്തോളം വളർന്നു ആ ബന്ധം. എന്റെ ഭാര്യാപിതാവിന്റെ സഹപാഠിയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞത് ആ ബന്ധത്തിന്റെ ആഴം കൂട്ടി. വിശേഷദിവസങ്ങളി‍ൽ അദ്ദേഹത്തിന്റേതായി ഒരു പൊതി കോട്ടയത്തു ഞങ്ങളെ തേടിയെത്തുമായിരുന്നു; നിറയെ മധുരപലഹാരങ്ങൾ ! 

ആദ്യ കാഴ്ചയ്ക്കു ശേഷം എല്ലാ മാസവും സ്നേഹാന്വേഷണങ്ങളുമായി വിളിയെത്തും. ‘മോനേ’ എന്നാണ് വിളിക്കുന്നത്. എന്റെ ജ്യേഷ്ഠനും മലയാള മനോരമ ചീഫ് എഡിറ്ററുമായ മാമ്മൻ മാത്യുവിനെ വിളിക്കുന്നതും അങ്ങനെ തന്നെ. ‍ഈ സ്നേഹവിളിയുടെ കരവലയത്തിലായിരുന്നു കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളടക്കം ഒട്ടേറെപ്പേർ. മോളേ എന്ന അഭിസംബോധനയായിരുന്നു അദ്ദേഹം എന്റെ ഭാര്യ അമ്മുവിനും മാമ്മൻ മാത്യുവിന്റെ ഭാര്യ പ്രേമയ്ക്കും കാത്തുവച്ചിരുന്നത്.

ഒരുപടി കൂടി കടന്ന് മാമ്മൻ മാത്യുവിനെ അദ്ദേഹം ബുലാഭായ് ദേശായ് എന്നും വിളിച്ചു. ആ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രസംഗങ്ങൾ ഒട്ടേറെ കേട്ട രൈരുവേട്ടന് ശബ്ദത്തിൽ സാമ്യം തോന്നിയത്രെ. ചരിത്രത്തിലേക്കുള്ള വിളിച്ചുണർത്തൽ കൂടിയായിരുന്നു ഓരോ ഫോൺ വിളികളും. അതിൽ സ്വതന്ത്ര്യസമരവും പിന്നീടുള്ള രാഷ്ട്രീയ നേതൃത്വവുമെല്ലാം പരാമർശവിധേയമായി. രസകരമായി കേട്ടിരിക്കാവുന്ന അനുഭവ സാക്ഷ്യങ്ങൾ. 

എന്റെ പിതാവ് കെ.എം. മാത്യു മരിക്കുന്നതിനു മൂന്നു ദിവസം മുൻപ് അദ്ദേഹം കോട്ടയത്ത് മനോരമ ഓഫിസിലെത്തിയിരുന്നു. ക്യാപ്റ്റൻ കൃഷ്ണൻ നായരും ഡോ.സി.കെ. രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. അന്ന് എന്റെ പിതാവിന്റെ വീട്ടിലെത്തിയ അവർ വൈകുന്നേരമാണ് തിരിച്ചു പോയത്. കഴിഞ്ഞ വർഷം നവംബറിലെ അവസാന സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം മക്കളായ പ്രീതയും പ്രസന്നയും  ജമിനി സർക്കസ് സ്ഥാപകൻ ശങ്കരേട്ടനും ഉണ്ടായിരുന്നു.

എന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിഞ്ഞു മാമ്മൻ മാത്യുവിന്റെ വീട്ടിലുമെത്തിയ ശേഷം അവർ നാലു മണിയോടെ ചേർത്തലയിൽ ഒരു സുഹൃത്തിനെ കാണാൻ പോയി. ക്രിസ്മസിനു തലശ്ശേരിയിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ഓണത്തിനു മാമ്മൻ മാത്യുവും പ്രേമയും ഉച്ചയൂണ് രൈരുവേട്ടന് ഒപ്പമായിരുന്നു. വൈകിട്ട് അവർ ജമിനി ശങ്കരേട്ടന്റെ വിഭവസമൃദ്ധമായ ആതിഥ്യവും സ്വീകരിച്ചാണു മടങ്ങിയത്. 

സ്വാതന്ത്ര്യ സമര സേനാനി, വിജയിയായ ഒരു വ്യാപാരി എന്നിങ്ങനെ സമൂഹത്തിൽ ഇടം നേടാൻ പര്യാപ്തമായ ഒട്ടേറെ വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ടാവും. പക്ഷേ, പ്രായവ്യത്യാസമില്ലാതെ ഏതൊരു വ്യക്തിയോടും അടുപ്പം കാണിക്കാൻ സാധിക്കുന്ന അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. വെറുതെയല്ല അദ്ദേഹത്തിന് ഏറ്റവും അടുപ്പമുള്ളവരുടെ പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സ്വന്തം നാട്ടിലെ സാധാരണക്കാരൻ വരെ ഉൾപ്പെടുന്നത്. ആ സ്നേഹവലയത്തിന്റെ ഒരു ഭാഗമായിരുന്നു ഞാനും മനോരമ കുടുംബവും എന്നത് എക്കാലവും ആഹ്ലാദിപ്പിച്ചിട്ടുണ്ട്.  ഇനി ആ വേർപാട് ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.

English summary: Rairu Nair

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com