ADVERTISEMENT

പാലക്കാട് ∙ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ മുഴുവൻ നിയമനങ്ങളും പിഎസ്‌സിക്കു വിടാൻ മുഖ്യമന്ത്രി അധ്യക്ഷനായ കോളജ് ഭരണസമിതി തീരുമാനിച്ചു. നിയമനങ്ങൾക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണു കൗൺസിൽ തീരുമാനം. പിഎസ്‌സി ഉത്തരവിറക്കുന്നതേ‍ാടെ നിയമന നടപടികൾ ആരംഭിക്കും.

അടുത്ത വർഷം ആരംഭിക്കാൻ ലക്ഷ്യമിടുന്ന നഴ്സിങ്, പാരാമെഡിക്കൽ വിഭാഗങ്ങളിലേക്കും ഭരണ വിഭാഗത്തിലേക്കുമായി മെഡിക്കൽ കമ്മിഷൻ വ്യവസ്ഥയനുസരിച്ചു ഏകദേശം 1000 തസ്തികകളിൽ നിയമനം നടത്തേണ്ടിവരും. കോളജിന്റെ തുടക്കം മുതൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളുയർന്നിരുന്നു. ഇരുമുന്നണികളും തസ്തികകൾ വീതിച്ചെടുത്തെന്നും പട്ടികവിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച മെഡിക്കൽ കോളജിലെ നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.

നിയമനങ്ങളിലെ അഴിമതി ആരേ‍ാപണങ്ങളെക്കുറിച്ചു വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. തുടക്കം മുതൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അധ്യാപകരെ നിയമിക്കുന്നത്. മറ്റു നിയമനങ്ങൾ ആദ്യം സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഎംജി) വഴി നടത്തിയെങ്കിലും ഒരു വർഷം മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കരാർ അടിസ്ഥാനത്തിലാക്കി.

2018 വരെ നിയമിച്ച അധ്യാപകരിൽ മെഡിക്കൽ കമ്മിഷൻ വ്യവസ്ഥകളനുസരിച്ചു യേ‍ാഗ്യതയുള്ള 120 പേരെ സ്ഥിരപ്പെടുത്തി. പിന്നീടങ്ങോട്ടുള്ള നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലായിരുന്നു.
 മറ്റു വിഭാഗങ്ങളിൽ ആദ്യഘട്ടത്തിൽ നിയമിച്ച 600 പേരെ യേ‍ാഗ്യതാടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. വിജിലൻസ് അന്വേഷണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു ലഭിച്ചാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

English summary: Palakkad medical college


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com