ADVERTISEMENT

തിരുവനന്തപുരം ∙ മികവിന്റെ നെറുകയിൽ നിന്നാണ് എം. ശിവശങ്കറിന്റെ പതനം.‌ എസ്എസ്എൽസിക്കു റാങ്ക് നേടി എൻജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദങ്ങൾ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയമായ ഭരണ പാടവമാണ് കുറെക്കാലം മുൻപു വരെ കാഴ്ച വച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുകയും അമിതമായ അധികാരം ലഭിക്കുകയും ചെയ്ത ശേഷം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ ശിവശങ്കർ എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടർന്നു പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ബിടെക്കിനു ചേർന്നു. അവിടെ കോളജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്നു ഗുജറാത്തിലെ ‘ഇർമ’യിൽനിന്നു റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാർഥിയെന്ന നിലയിൽ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടിയിരുന്നയാളാണ്.

പഠന ശേഷം കുറെക്കാലം റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐഎഎസിൽ സ്ഥിരപ്പെടുത്തി.

മലപ്പുറം കലക്ടർ എന്ന നിലയിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. പിന്നീടു ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകൾക്കും തടയിട്ടു.

വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയിൽ ദേശീയ ഗെയിംസ് നടന്നത്. 

മികവു തെളിയിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണു പിണറായി വിജയൻ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തിരഞ്ഞെടുത്തത്. എന്നാൽ അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു. 

ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ലഭിച്ചത് ആ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഐഎഎസിൽ 2023 ജനുവരി 31 വരെ സർവീസ് ബാക്കിയുള്ളപ്പോഴാണ് വീഴ്ച. 

English Summary: M. Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com