ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വകുപ്പുകളിലും മറ്റു മന്ത്രിമാരുടെ വകുപ്പുകളിലും ഇടപെട്ടിരുന്നയാളാണു സസ്പെൻഷനിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയിരുന്നതിനാൽ മിക്കവാറും എല്ലാ ഫയലുകളിലും ശിവശങ്കറിന്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. 

മുഖ്യമന്ത്രിക്ക് ഒട്ടേറെ ഉപദേഷ്ടാക്കളും മറ്റൊരു പ്രിൻസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിമാരും ഉണ്ടെങ്കിലും പ്രധാന ഫയലുകളിലെല്ലാം ശിവശങ്കറിന്റെ ഉപദേശത്തിനു ശേഷമാണു തീരുമാനം എടുത്തിരുന്നത്. ഇതു മൂലം റവന്യു, ദുരന്തനിവാരണം, റീബിൽഡ് കേരള, ആരോഗ്യം, ഗതാഗതം, തുറമുഖം തുടങ്ങിയ വകുപ്പുകളിലേക്കും ശിവശങ്കറിന്റെ ഇടപെടൽ നീണ്ടു. 

റവന്യു മന്ത്രിയും സിപിഐയും മാത്രമേ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധിക്കാൻ തയാറായുള്ളൂ. മഹാപ്രളയത്തിനു ശേഷമാണു ദുരന്ത നിവാരണ വകുപ്പി‍ൽ ശിവശങ്കറിന് താൽപര്യം ഉണ്ടായത്. തുടർന്ന് അതു റീബിൽഡ് കേരളയിലേക്കു നീണ്ടു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പിആർഡിക്കു കീഴിൽ നിന്നു സിഡിറ്റിനെ ഐടി വകുപ്പിലേക്കു മാറ്റിയതു ശിവശങ്കറിന്റെ താൽപര്യ പ്രകാരമായിരുന്നു. 

ഫയലുകളിൽ തീരുമാനം എടുക്കുന്നതിനു മുഖ്യമന്ത്രിക്ക് ഉപദേശം നൽകുകയെന്നതാണു പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുഖ്യ ചുമതല. സെക്രട്ടേറിയറ്റ് മാന്വൽ അനുസരിച്ചു വകുപ്പു സെക്രട്ടറിക്കേ ഫയലിൽ എഴുതാനാവൂ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന്റെ അഭിപ്രായം പ്രത്യേക കുറിപ്പാക്കി ഫയലിനൊപ്പം നൽകുകയാണു ചെയ്യുക. ആഭ്യന്തരം ഉൾപ്പെടെ 26 വകുപ്പുകളും മറ്റു മന്ത്രിമാർക്കു നൽകിയിട്ടില്ലാത്ത വിഷയങ്ങളും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ഇടപെടാനുള്ള അവസരമാണു ശിവശങ്കറിനു ലഭിച്ചത്. 

നയതീരുമാനം വേണ്ടതും മന്ത്രിസഭയിൽ സമർപ്പിക്കേണ്ടതുമായ ഫയലുകൾ മറ്റു മന്ത്രിമാർ മുഖ്യമന്ത്രിക്കു വിടും. ഒന്നിലേറെ വകുപ്പുകളെ ബാധിക്കുന്നതും പ്രധാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടികളും മുഖ്യമന്ത്രി കാണണം. ഇത്തരം ഫയലുകളിൽ ശിവശങ്കർ സ്വന്തം അഭിപ്രായം വ്യക്തമാക്കിയതാണ് മറ്റു മന്ത്രിമാരെ ചൊടിപ്പിച്ചത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയിരിക്കാമെന്നു കരുതിയ ഭൂരിപക്ഷം പേരും അനിഷ്ടം പുറത്തു കാട്ടിയില്ല. 

ഐടി വകുപ്പിന്റെ സെക്രട്ടറി എന്ന നിലയിലാകട്ടെ സ്വയം തീരുമാനം എടുക്കാനും ഫയലിൽ ഉത്തരവിടാനും ശിവശങ്കറിനു സാധിക്കുമായിരുന്നു. മറ്റു വകുപ്പുകളിൽ ഐടി വകുപ്പിന്റെ ആളുകളെ തിരുകിക്കയറ്റാനും ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു തീരുമാനം എടുപ്പിക്കുകയും യോഗ തീരുമാനമെന്ന പേരിൽ ഉത്തരവും നിർദേശങ്ങളും ഇറക്കുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്. ഒരേ സമയം രണ്ടു തസ്തികകളുടെ ജോലിഭാരം ഉണ്ടായിരുന്നുവെങ്കിലും ബന്ധപ്പെട്ട ഫയലുകളെല്ലാം നോക്കാൻ ശിവശങ്കർ സമയം കണ്ടെത്തിയിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയ ശേഷം അര ഡസനോളം വിവാദങ്ങളിലാണു ശിവശങ്കർ കുടുങ്ങിയത്. അപ്പോഴൊന്നും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള നീക്കം മുതൽ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് വരെ ഉദാഹരണം. പ്രളയത്തെത്തുടർന്നു നഷ്ടപരിഹാരം നൽകുന്നതിനു ഐടി വകുപ്പ് മുൻകൈയെടുത്തു മൊബൈൽ ആപ്പ് കൊണ്ടുവന്നതു പരാതിക്കിടയാക്കിയിരുന്നു. കോവിഡ് നേരിടുന്നതിൽ സർക്കാർ മികവു കാട്ടുമ്പോഴായിരുന്നു സ്പ്രിൻക്ലർ വിവാദം. 

സിപിഐ ഭരിക്കുന്ന റവന്യുവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ എതിർപ്പുണ്ടായി. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുവെങ്കിലും റവന്യു മന്ത്രി തടഞ്ഞു. റവന്യു വകുപ്പിലെ ഡിജിറ്റൈസേഷൻ അട്ടിമറിച്ചതു ശിവശങ്കറാണെന്നു സിപിഐക്ക് ആക്ഷേപമുണ്ട്. ദുരന്ത നിവാരണ വകുപ്പിനെ റവന്യുവിന്റെ നിയന്ത്രണത്തിൽനിന്നു തദ്ദേശ ഭരണത്തിനു കീഴിലേക്കു മാറ്റാനുള്ള ശ്രമവും സിപിഐയുടെ അനിഷ്ടത്തിന് ഇടയാക്കി. പലപ്പോഴും റവന്യു മന്ത്രിക്ക് മുഖ്യമന്ത്രിയോടു പരാതിപ്പെടേണ്ടി വന്നു. 

ഇ-ബസ് പദ്ധതിക്കു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൽറ്റൻസിയാക്കിയതും അവർക്കു സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കാൻ അനുമതി നൽകിയതും സജീവമായി നിൽക്കെയാണു സ്വർണക്കടത്തു വിവാദം വന്നത്.

അന്വേഷണം വന്നാൽ സസ്പെൻഡ് ചെയ്യാൻ ചട്ടം

തിരുവനന്തപുരം ∙ ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്നാണ് കേന്ദ്രസർക്കാർ ചട്ടം. ക്രിമിനൽ കുറ്റത്തിന്റെ പേരിൽ 2 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ കഴിയുക, 2 ദിവസത്തിൽ കൂടുതൽ തടവിൽ കഴിയുക, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നു തെളിയുക എന്നീ സാഹചര്യങ്ങളിൽ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. വിദേശ കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരുമായുള്ള ഇടപെടലുകൾക്കും നിയന്ത്രണങ്ങളുണ്ട്.

പരമാവധി 1 വർഷം

പൂർണമായി കുറ്റ വിമുക്തനാണെന്നു തെളിയുന്നതു വരെ സസ്പെൻഷൻ തുടരാമെന്നാണ് ചട്ടത്തിൽ പറയുന്നതെങ്കിലും അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി പരമാവധി 1 വർഷമാണ്. അതിനുശേഷം സസ്പെൻഷൻ തുടരണമെങ്കിൽ കേന്ദ്രസർക്കാരിന്റെ റിവ്യൂ കമ്മിറ്റിയുടെ അനുമതി വേണം. ഇല്ലെങ്കിൽ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. അഴിമതിക്കേസുകളിൽ സസ്പെൻഷൻ കാലാവധി പരമാവധി 2 വർഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com