ADVERTISEMENT

തൃശൂർ ∙ വനം വകുപ്പു പിടിച്ച പുലിവാലിൽനിന്നു പിടി വിടണമെങ്കിൽ കസ്റ്റഡിയിലുള്ള തത്ത പറക്കാൻ പഠിക്കണം. ഇതുവരെയുള്ള ജീവിതം മുഴുവൻ ‘വർക്ക് ഫ്രം ഹോം’ ആയിരുന്നതിനാൽ തത്തയ്ക്ക് പറക്കാനറിയില്ല. നടക്കാനെ അറിയൂ. 

പറന്നുനടക്കേണ്ട തത്തയെ കൂട്ടിലിട്ടു വളർത്തുന്നവെന്ന പരാതിയെത്തെടർന്നു പാലപ്പിള്ളി റേഞ്ച് വനപാലകരാണ് തത്തയെ കസ്റ്റഡിയിലെടുത്തത്. തൊണ്ടിമുതലായ തത്തയെ പറത്തിവിടാൻ കോടതി ഉത്തരവിട്ടെങ്കിലും തത്ത പറന്നില്ല. ഫോറസ്ട്രി കോളജിൽ നടത്തിയ പരിശോധനാ ഫലം വന്നപ്പോഴാണു വനം വകുപ്പു ശരിക്കും ഞെട്ടിയത്. കൂട്ടിൽ ജനിച്ചുവളർന്ന തത്തയ്ക്കു പറക്കാൻ അറിയില്ല. പിന്നെ എങ്ങനെ പറത്തി വിടും ? കോടതി പറഞ്ഞിരിക്കുന്നതു തുറന്നു വിടാനല്ല, പറത്തി വിടാനാണ്. 

പറക്കാനറിയാത്ത പക്ഷികളെ അതു പഠിപ്പിച്ചു തുറന്നു വിടുന്ന സംവിധാനം തൃശൂരിലില്ല. ചില വനം വകുപ്പ് ഓഫിസുകളിൽ മുൻപും ഇതുപോലെ ചില തൊണ്ടി മുതലുകൾ പറക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇരുചെവിയറിയാതെ അവയെ കാട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നുവത്രെ. 

തൽക്കാലം പാലപ്പിള്ളി റേഞ്ചിലെ ഉദ്യോഗസ്ഥർ തത്തയെ പരിപാലിക്കും. കസ്റ്റഡിയിലായ തത്ത ഇപ്പോൾ ജീവനക്കാരുടെ പരിചരണത്തിൽ സുഖമായി കഴിയുന്നു. തൊട്ടടുത്ത വീട്ടിലെ പേരയ്ക്കയാണ് തത്തയുടെ ഇഷ്ട ഭക്ഷണം. 

ഒരുങ്ങുന്നത് സോഫ്റ്റ് റീലിസിന്

പറക്കാനും പ്രകൃതിയിൽനിന്നു തീറ്റയെടുക്കാനുമറിയാത്ത പക്ഷികളെ ഘട്ടംഘട്ടമായി പറക്കുന്നതിനും വിഹരിക്കുന്നതിനും പഠിപ്പിക്കുന്ന സംവിധാനമാണ് സോഫ്റ്റ് റിലീസ്. ഇത് ഒരുക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. തൃശൂർ ജില്ലയിലെ അകമലയിലാണ് ഇത്തരം സംവിധാനം ഉണ്ടാക്കുക. വനാന്തരീക്ഷത്തിൽ ഒരുക്കുന്ന വലിയ കൂടാണിത്. ഭക്ഷണം പാത്രത്തിൽ നൽകില്ല. പ്രകൃതിയിലെന്നപോലെ നൽകും. ഇതെല്ലാം പൂർത്തിയാക്കി പറക്കൽ, തീറ്റ എടുക്കൽ പരീക്ഷകൾ പാസായാലെ ഇനി തത്തയെ തുറന്നു വിടൂ. 

അലക്‌സാണ്ട്രിൻ പാരകീറ്റ് ഇനത്തിൽപ്പെട്ട തത്തയെ അതിന്റെ ആവാസ വ്യവസ്ഥയിലെ തുറന്നു വിടാനാകൂ. ചിന്നാറും വയനാടുമുള്ള കാടുകളാണ് ഇത്തരം തത്തകളുടെ കേന്ദ്രം. ഇവിടേക്കല്ലാതെ മറ്റെവിടെക്കെങ്കിലും പരിശീലന കാലത്തു തത്ത പറന്നാലും പ്രശ്നമായി.

English Summary: Soft release method for training birds to fly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com