sections
MORE

ശ്രീരാമകൃഷ്ണൻ ജാഗ്രത പാലിച്ചില്ല; സ്പീക്കർക്കെതിരെ പാർട്ടി ‘റൂളിങ്’

HIGHLIGHTS
  • അധ്യക്ഷനാകേണ്ടിയിരുന്ന മുൻമന്ത്രി സി. ദിവാകരൻ വിട്ടുനിന്നു
P Sreeramakrishnan
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
SHARE

തിരുവനന്തപുരം ∙ കള്ളക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്‌ഷോപ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കുമ്പോഴും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലാണു പാർട്ടിക്കുള്ളത്.

ചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്നതു മുൻമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. സഭാധ്യക്ഷനായ സ്പീക്കർ ഉച്ചയ്ക്കു പോയി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 

കഴിഞ്ഞ ഡിസംബർ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാർഥം ഉച്ചയോടെയാണു നടന്നത്. ദിവാകരൻ മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങിൽ നിന്നു വിട്ടുനിന്നു.

swapna-suresh
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ എൻഐഎ സംഘം തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടോഞ്ചേരിയിൽ ∙മനോരമ

കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ പരിചയമുണ്ടായിരുന്ന സ്വപ്ന സുരേഷ് നിർബന്ധിച്ചതിന്റെയും അവരുമായുള്ള സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണു പങ്കെടുത്തതെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണം സിപിഎം തള്ളുന്നില്ല. 

ഔദ്യോഗിക പദവി ഉപയോഗിച്ച് അവർ അങ്ങോട്ടുണ്ടാക്കിയ സൗഹൃദം മാത്രമാണിതെന്നും പാർട്ടി കരുതുന്നു. എന്നാൽ സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണു നേതൃത്വത്തിനുള്ളത്. വിവാദം ഉയർന്നതോടെ ജില്ലാ നേതൃത്വത്തിൽ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു.

∙ ‘എന്റെ സൗകര്യം നേരിട്ട് ഉറപ്പാക്കാതെയാണു നോട്ടിസിൽ പേരുവച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം അവിടെ നിന്ന് ഒഴിവായി പങ്കെടുക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല. എന്റെ സാന്നിധ്യം അനിവാര്യമായ, പ്രാധാന്യമുളള ചടങ്ങുകൾക്കേ പോകാറുള്ളൂ.’ – മുൻമന്ത്രി സി.ദിവാകരൻ

English Summary: CPM ruling against speaker P. Sreeramakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA