ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെത്തിച്ച് എൻഐഎയുടെ തെളിവെടുപ്പ്. സെക്രട്ടേറിയറ്റിനു സമീപം സ്വർണക്കടത്തിന്റെ നിർണായക ഗൂഢാലോചന നടന്നതായി പറയുന്ന ഹെദർ ഫ്ലാറ്റിൽ ഉച്ചയ്ക്കു 12.20നായിരുന്നു തെളിവെടുപ്പിന്റെ തുടക്കം. രണ്ടു വാഹനങ്ങളിലായി ആദ്യം സന്ദീപിനെയും പിന്നീടു സ്വപ്നയെയും വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയി. 

 അമ്പലമുക്കിലും വെള്ളയമ്പലം ആൽത്തറയിലുമുള്ള സ്വപ്നയുടെ മറ്റു രണ്ടു വാടക ഫ്ലാറ്റുകൾ, പിടിപി നഗറിൽ താമസിച്ചിരുന്ന വാടകവീട്, അരുവിക്കര പത്താംമൈലിലെ സന്ദീപിന്റെ കുടുംബ വീട്, യുഎഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജ സീലും രേഖകളും തയാറാക്കിയ കുറവൻകോണത്തെ സ്ഥാപനം എന്നിവിടങ്ങളിലായി തെളിവെടുപ്പും ചോദ്യം ചെയ്യലും ഏഴു മണിക്കൂർ നീണ്ടു. അമ്പലമുക്കിലെ ഫ്ലാറ്റിൽ സ്വപ്നയെ എത്തിച്ചതറിഞ്ഞ് ജനം തടിച്ചുകൂടി. 

അരുവിക്കരയിലെ കുടുംബവീട്ടിൽ സന്ദീപിന്റെ അമ്മയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്നെത്തിക്കുന്ന സ്വർണം കൈമാറുന്ന വിവരം ഉൾപ്പെടെ സന്ദീപ് വിവരിച്ചു. വൈകിട്ട് 7.15നു രണ്ടു പേരെയും കൂട്ടി എൻഐഎ സംഘം കൊച്ചിയിലേക്കു മടങ്ങി. 

സന്ദീപിന്റെ കുടുംബവീട്ടിലും നെടുമങ്ങാട്ടെ ‘കാർബൻ ഡോക്ടർ’ വർക്‌ഷോപ്പിലും കസ്റ്റംസും പരിശോധന നടത്തി. കരകുളം എട്ടാം കല്ലിനു സമീപം ഭാര്യ സൗമ്യയുടെ പേരിൽ സന്ദീപ് ഒരു വർഷം മുൻപ് വാടകയ്ക്കെടുത്ത ഫ്ലാറ്റിലും പരിശോധന നടത്തി. പൂട്ട് പൊളിച്ചാണു ഫ്ലാറ്റിൽ കടന്നത്. സൗമ്യയെയും കൂട്ടി ഉച്ചയ്ക്ക് 1.15നു തുടങ്ങിയ പരിശോധന വൈകിട്ട് 5.55നാണു പൂർത്തിയായത്.

ലോക്കൽ പൊലീസിനെ അറിയിക്കാതെയായിരുന്നു എൻഐഎയുടെ രഹസ്യ വരവ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു സ്വപ്ന മുഖം തിരിച്ചു. സന്ദീപിനു പതർച്ചയുണ്ടായിരുന്നില്ല. എൻഐഎയിലും കോടതിയിലും വിശ്വാസമുണ്ടെന്നു മാധ്യമങ്ങളോടു പറയുകയും ചെയ്തു. 

ഫൈസൽ: ഇന്റർപോൾ നോട്ടിസിന് നടപടി

ന്യൂഡൽഹി ∙ സ്വർണക്കടത്തു കേസിലെ പ്രതി ഫൈസൽ ഫരീദിനെ കണ്ടെത്താൻ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് നൽകാൻ നടപടിയെടുത്തതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഫൈസൽ യുഎഇ വിടാനുള്ള സാധ്യത തള്ളാനാകില്ലെന്നും സൂചിപ്പിച്ചു.

കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സിന്റെ മൊഴിയെടുക്കാൻ അവസരമുണ്ടാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം യുഎഇയോടു വീണ്ടും ആവശ്യപ്പെട്ടു. ഇദ്ദേഹം മടങ്ങിപ്പോകും മുൻപും  ആവശ്യമുന്നയിച്ചിരുന്നു. 

English Summary: Diplomatic Baggage Gold Smuggling case followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com