ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെതിരേ ധനവകുപ്പ് ആരംഭിച്ച അന്വേഷണം വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം. ശിവശങ്കർ പറഞ്ഞിട്ടാണു സ്വപ്ന സുരേഷിന് കൺസൽറ്റൻസി വഴി നിയമനം നൽകിയതെന്നു ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഇൗ വിഭാഗത്തെ നിയന്ത്രിക്കുന്നതാകട്ടെ സിപിഎം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സജീവ അംഗമാണ്. 

പൊതുമേഖലാ സ്ഥാപനമായ കാപെക്സിന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും പാർട്ടിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെയാണു സർക്കാർ ഏൽപിച്ചിരിക്കുന്നത്. ഇൗ സംഘം അന്വേഷിച്ചാൽ പൂർണമായും സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ടാകും സമർപ്പിക്കുകയെന്നാണു ധനവകുപ്പിനുള്ളിലെ തന്നെ സംസാരം. 

സ്വപ്നയ്ക്കു വഴിവിട്ടു ജോലി നൽകിയതു വഴി സർക്കാരിനു ധനനഷ്ടമുണ്ടായിട്ടുണ്ട്. സർക്കാരിന്റെ പണം അപഹരിക്കുകയും ചെയ്തു. ഇതിനു കൂട്ടുനിന്നതാകട്ടെ ഐഎഎസ് ഉദ്യോഗസ്ഥനും. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാൽ ശിവശങ്കറിനെതിരെ ഉടൻ വിജിലൻസ് അന്വേഷണത്തിനു പഴുതുണ്ട്. അത് ആരംഭിക്കാനാകുമെന്നാണു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതിനായി സർക്കാരിന്റെ അനുമതി വിജിലൻസ് തേടേണ്ടതുണ്ട്. 

ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിൽ സമാനമായ അന്വേഷണത്തിൽ നിന്നു മുൻപ് മന്ത്രി ഇ.പി.ജയരാജൻ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. നിയമനം ഉടൻ റദ്ദാക്കിയതിനാൽ അന്നു പൊതുപണം നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, മാസങ്ങളോളം സ്വപ്ന പ്രതിഫലം പറ്റിയതിനാൽ വിജിലൻസിന് അഴിമതിക്കേസെടുക്കാം. അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന കാരണം സർക്കാർ ബോധിപ്പിക്കും. അതുവഴി വിജിലൻസ് അന്വേഷണം ഒഴിവാക്കാമെന്നും കണക്കുകൂട്ടുന്നു. ശിവശങ്കറിനെ സസ്പെൻഡു ചെയ്തെങ്കിലും കുറ്റാരോപണ മെമ്മോ കൈമാറിയിട്ടില്ല. 90 ദിവസത്തിനകം ഇതു നൽകണമെന്നാണു ചട്ടം. ഇല്ലെങ്കിൽ ശിവശങ്കറിനു തിരികെ സർവീസിൽ പ്രവേശിക്കാനാകും. 

English Summary: Finance department probe on Sivasankar to avoid Vigilance probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com