sections
MORE

സ്വർണം കടത്തിയതു പോലെ ദേശവിരുദ്ധ രേഖകളും; പ്രതികളുടെ സുഹൃത്തുക്കളും നിരീക്ഷണത്തില്‍

swapna-suresh-new
SHARE

കൊച്ചി ∙ നയതന്ത്ര പാഴ്സലിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ മാതൃകയിൽ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികളും പരിശോധിക്കുന്നു. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച സൂചനയുണ്ട്.

കേസിന്റെ ദേശവിരുദ്ധ സ്വഭാവം പരിശോധിച്ചു ബോധ്യപ്പെടാൻ അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ടു ഹാജരാക്കാൻ എൻഐഎ കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഡയറി മുദ്രവച്ച കവറിൽ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.

സ്വർണക്കടത്തിന്റെ ദേശവിരുദ്ധത സംബന്ധിക്കുന്ന അതീവരഹസ്യ വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്. സാധാരണ സ്വർണക്കടത്തു കേസിൽ അസാധാരണമായ തിടുക്കത്തോടെ യുഎപിഎ ചുമത്തി അന്വേഷണം എൻഐഎക്കു കൈമാറിയതു രാഷ്ട്രീയ കാരണങ്ങളാലാണെന്നു പ്രതിഭാഗം വാദിക്കുമ്പോൾ, ദേശവിരുദ്ധ സ്വഭാവമുള്ള രചനകളും ചില പാഴ്സലുകളിൽ കടത്തിയെന്ന വിവരം എൻഐഎ വ്യക്തമാക്കും. 

ഹരിരാജിനെ ചോദ്യം ചെയ്തു

നയതന്ത്ര പാഴ്സലിൽ നിന്ന് സ്വർണം പിടികൂടിയ കേസിൽ എയർ കാർഗോ ഏജന്റ്സ് അസോസിയേഷൻ നേതാവ് ഹരിരാജിനെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രിവന്റീവ് കമ്മിഷണറേറ്റിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ രേഖപ്പെടുത്തിയ മൊഴിയിലെ ചില ഭാഗങ്ങൾ പരിശോധിക്കുകയാണു ചെയ്തതെന്നു കസ്റ്റംസ് വിശദീകരിച്ചു.

കേസിലെ പ്രതികളായ എടക്കണ്ടൻ സെയ്തലവി, ടി.എം.മുഹമ്മദ് അൻവർ, ടി.എം. സംജു, അബ്ദുൽ ഹമീദ്, പഴേടത്ത് അബൂബക്കർ, സി.വി. ജിഫ്സൽ, ഹംസത് അബ്ദുസ്സലാം എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

തുടരുന്നു, റമീസിന്റെ ചോദ്യം ചെയ്യൽ

സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത കേസിലെ നിർണായക കണ്ണിയാണു റമീസ്. ദുബായിൽ സ്വർണം ശേഖരിക്കുന്നവർ, നാട്ടിൽ അതിനുള്ള പണം സ്വരൂപിക്കുന്നർ, കുഴൽപണമായി അതു ദുബായിലെത്തിക്കുന്നവർ, കേരളത്തിലേക്കു സ്വർണം കടത്തുന്നവർ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നു. ഇയാളുടെ ഉന്നതബന്ധങ്ങൾ പുറത്തുവന്നെങ്കിലും അവർക്കു സ്വർണക്കടത്തിൽ ബന്ധമുള്ളതിന്റെ തെളിവു ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എൻഐഎക്കു കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.

അതേസമയം, കേസിൽ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് വിവരം നൽകുന്നവർക്ക്പാരിതോഷികം

തിരുവനന്തപുരം ∙ സ്വർണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നൽകുന്നവർക്കു പാരിതോഷികം നൽകാൻ സർക്കാർ തീരുമാനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കും പാരിതോഷികം. 5 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വർണത്തിന് ഇ വേബിൽ ഇല്ലാത്തിനാൽ സംസ്ഥാനാന്തര കള്ളക്കടത്തു വളരെ വ്യാപകമാണെന്നാണു സർക്കാർ വിലയിരുത്തൽ. 

നികുതി വെട്ടിച്ചു കടത്തുന്ന വസ്തുക്കൾ പിടികൂടിയാൽ‌ ജിഎസ്ടി നിയമത്തിലെ വകുപ്പ് 129 അനുസരിച്ച് നികുതിയും അത്ര തന്നെ തുക പിഴയായും ഇൗടാക്കി വിട്ടുകൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വളരെ ആസൂത്രിതമായി കള്ളക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടിയാൽ വകുപ്പ് 130 അനുസരിച്ച് കേസെടുക്കുകയും ചരക്കു പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഇതു ലേലം ചെയ്തു വിൽക്കുകയാണു പതിവ്. അതു വരെ പിടിച്ചെടുക്കുന്നവ ട്രഷറിയിൽ സൂക്ഷിക്കും.

സ്വപ്നയുടെയും സന്ദീപിന്റെയും സുഹൃത്തുക്കൾ നിരീക്ഷണത്തില്‍

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കൾക്കു പിന്നാലെ അന്വേഷണസംഘം. ഇരുവർക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടർന്നാണു സംശയമുള്ളവരെ ഏജൻസികൾ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു.

സ്വപ്നയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ജയശങ്കറിനെയും മക്കളെയും എൻഐഎ കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചയച്ചു. തനിക്കു സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നാണു ജയശങ്കർ മൊഴി നൽകിയത്. വീണ്ടും ചോദ്യം ചെയ്തേക്കും. സ്വപ്നയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ പിടിച്ചെടുത്ത വസ്ത്രവും മക്കളുടെ പാഠപുസ്തകങ്ങളും തിരിച്ചുനൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA