ADVERTISEMENT

പത്തനംതിട്ട / കോട്ടയം ∙ വനപാലകർ കസ്റ്റഡിയിൽ എടുത്ത സീതത്തോട് കുടപ്പനക്കുളം പടിഞ്ഞാറേചെരുവിൽ പി.പി. മത്തായിയുടേത് (പൊന്നുമോൻ – 41) മുങ്ങിമരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പലസ്ഥലത്ത് ചതവുകളും മുറിവുകളും പോറലുകളും കണ്ടെത്തിയിട്ടുണ്ട്. ചതവുകൾ വീഴ്ച മൂലം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പോറലുകൾ മർദനം മൂലമാണെന്നു സംശയമുണ്ട്.

ആന്തരികാവയവങ്ങൾ വിശദപരിശോധനയ്ക്ക് അയച്ചു. മൃതദേഹം കിടന്ന സ്ഥലത്തെ വെള്ളവും ശ്വാസകോശത്തിലെ വെള്ളവും ഒന്നാണെന്നു സ്ഥിരീകരിക്കാൻ ഡയാറ്റം പരിശോധന നടത്തും. മത്തായിയുടെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. ശ്വാസകോശം വെള്ളം കയറി വീർത്ത നിലയിലാണ്. ശ്വാസകോശത്തിൽ നിന്നു മണൽത്തരികളും ലഭിച്ചു.

അതേസമയം, മത്തായിയെ കസ്റ്റഡിയിൽ എടുത്തതും ജനറൽ ഡയറിയിൽ രേഖപ്പെടുത്തുന്നതും തമ്മിലെ സമയവ്യത്യാസം സംശയത്തിന് ഇടനൽകുന്നു. കസ്റ്റഡിയിലെടുത്ത പ്രതി ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ആത്മഹത്യ ചെയ്യുന്നതിന്റെ സാധുതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മത്തായിയെ സ്റ്റേഷനിലെത്തിച്ചിട്ടില്ലെന്നും രാത്രി 10 മണിക്കാണ് ജിഡി റജിസ്റ്ററിൽ കസ്റ്റഡി രേഖപ്പെടുത്തിയതെന്നും പൊലീസ് അന്വേഷണ സംഘം കണ്ടെത്തി.

മത്തായിയെ സംഭവ സ്ഥലത്ത് എത്തിച്ചതിനും ഇദ്ദേഹം കിണറ്റിലേക്കു ചാടിയതിനും ദൃക്സാക്ഷികൾ ഇല്ല. കിണറ്റിൽ വീണ ശേഷമുള്ള സംഭവങ്ങൾ മാത്രമാണ് നാട്ടുകാർ കണ്ടത്. ഈ പൊരുത്തക്കേടുകൾ ഡിവൈഎസ്പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിക്കും. നടപടിക്രമം പാലിക്കാതെയാണ് വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

ഉദ്യോസ്ഥ വീഴ്ച അന്വേഷിക്കാൻ നിയോഗിച്ച വനം വകുപ്പ് സംഘത്തിന്റെ റിപ്പോർട്ട് വൈകും. 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.  സംഭവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും നിർബന്ധിത അവധിയിലാണ്.

English summary: Pathanamthitta forest custody death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com