ADVERTISEMENT

പാലക്കാട് ∙ മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങൾക്കു പ്രവാസികളെ ഉൾപ്പെടെ സർക്കാർ ക്ഷണിക്കുമ്പോഴും ചെറുകിട ഫാമുകൾ പോലും അടച്ചു പൂട്ടിക്കാവുന്ന നിയമത്തിനു ഭേദഗതിയില്ല. മുഖ്യമന്ത്രി നൽകിയ വാഗ്ദാനത്തെ പോലും വെല്ലുവിളിച്ചാണ്, അപ്രായോഗിക വ്യവസ്ഥകൾ നിയമത്തിൽ തുടരുന്നത്.

തെ‍ാഴിൽ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികളെക്കൂടി ലക്ഷ്യമിട്ടു സുഭിക്ഷകേരളം പദ്ധതിയിൽ പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിന് 70,000 രൂപ വരെ ധനസഹായം അനുവദിക്കുമെങ്കിലും ലൈവ്സ്റ്റേ‍ാക്ക് ഫാം ലൈസൻസ് നിയമഭേദഗതി ചുവപ്പുനാടയിൽ കുരുങ്ങിയതേ‍ാടെ പുതിയ ഫാമുകൾ ആരംഭിക്കാനുള്ള ശ്രമം വഴിമുട്ടുകയാണ്.

പശു, ആട്, കോഴി ഫാമുകളെ ‘അസഹ്യവും ആപൽക്കരവുമായ’ വ്യാപാരവിഭാഗം എന്നു തദ്ദേശ വകുപ്പ് നിയമത്തിൽ വിവരിക്കുന്നതാണു സംരംഭകർക്കു കുരുക്കാവുന്നത്. പശു വളർത്തുന്ന സ്ഥലവും സമീപത്തെ വീടുകളുമായുള്ള ദൂരപരിധി ക്വാറികളുടേതിനു തുല്യമായാണു നിശ്ചയിച്ചിരിക്കുന്നത്. 

5 പശു, 20 ആട്, 25 മുയൽ, 100 കേ‍ാഴി എന്നിവ വളർത്തുന്നവർ പോലും ‘ആപൽക്കരമായ ജേ‍ാലി’ ചെയ്യുന്നവരാണ്. ക്ഷീര, മൃഗസംരക്ഷണ വകുപ്പിനു നിയന്ത്രണമില്ലാത്ത നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് 2000 ഫാമുകൾക്ക് അടച്ചുപൂട്ടാൻ നോട്ടിസ് ലഭിച്ചതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നു ഭേദഗതിക്കു ഭരണപരിഷ്കാരകമ്മിഷൻ ശുപാർശ ചെയ്തു. 

നിയമം മാറ്റുമെന്നു നിയമസഭയിൽ വകുപ്പു മന്ത്രിയും പ്രഖ്യാപിച്ചു. ഡിസംബറിൽ സംയുക്തമന്ത്രിതല ചർച്ചയിൽ ഉടൻ ഉത്തരവ് ഇറക്കാൻ തീരുമാനിച്ചു.  പന്നിഫാമിനു കൂടുതൽ വ്യവസ്ഥ എന്ന നിർദേശത്തിൽ പ്രത്യേക ചർച്ചയുമുണ്ടായി. പുതിയ ഉത്തരവ് ഉടനെന്നു ‘നാം മുന്നേ‍ാട്ട്’ പരിപാടിയിൽ മുഖ്യമന്ത്രി ഉറപ്പും നൽകി. തദ്ദേശവകുപ്പാണ് ഉത്തരവ് ഇറക്കേണ്ടതെങ്കിലും ബന്ധപ്പെട്ട ഉന്നത ഉദ്യേ‍ാഗസ്ഥൻ മാറിയതേ‍ാടെ നടപടി നിലച്ചു.

തമിഴ്നാട്ടിൽ സൗകര്യം

കേരളത്തിൽ തടസ്സമുണ്ടെങ്കിലും തമിഴ്നാട്ടിൽ സംരംഭകനു കൂടുതൽ സൗകര്യം ലഭിക്കുന്നു. കേ‍ാവിഡ് പാക്കേജിന്റെ ഭാഗമായി ഫാമുകളെ കേന്ദ്ര സർക്കാർ കൃഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയതേ‍ാടെ തമിഴ്നാട്ടിൽ തെങ്ങിൻതേ‍ാപ്പുകളേ‍ാടു ചേർന്ന് ആട്, കോഴി, പന്നി, പശു ഫാമുകൾക്കു ലീസിനു സ്ഥലം ലഭിക്കും. ഇത്തരം ഫാമുകൾക്കും വായ്പ നൽകാനാണ് കേന്ദ്ര തീരുമാനം.

തമിഴ്നാട്ടിൽ ഒരു ലക്ഷത്തിൽ താഴെ കേ‍ാഴികളെയും നൂറിൽ താഴെ പശുക്കളെയും വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട. വൈദ്യുതി സൗജന്യം. സൗരേ‍ാർജ പ്ലാന്റ് സ്ഥാപിക്കാൻ 70% സബ്സിഡിയും നൽകും.

English summary: Farm rules Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com