ADVERTISEMENT

കൊല്ലം ∙ സ്വർണക്കടത്തു കേസിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വിശദീകരിക്കാൻ ആരംഭിച്ച ഗൃഹസന്ദർശന പരിപാടിയെച്ചൊല്ലി പാർട്ടിയിൽ വിരുദ്ധാഭിപ്രായങ്ങൾ. സന്ദർശനം ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പലയിടത്തും തുടങ്ങിയിട്ടില്ല. 

ഇപ്പോൾ വീടുകൾ കയറിയിറങ്ങുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണു പല പ്രവർത്തകരുടെയും അഭിപ്രായം. സംസ്ഥാന കമ്മിറ്റി വിതരണം ചെയ്ത ‘തുറന്നുകാട്ടപ്പെടുന്ന അജൻഡകളും നുണകളും’ എന്ന തലക്കെട്ടിലുള്ള 4 പേജ് ലഘുലേഖയ്ക്കു ‘മൂർച്ച’ പോരെന്നും സ്വർണക്കടത്ത് വിവാദത്തിലെ പല കാര്യങ്ങളും ഓർമിപ്പിക്കാനേ അതുപകരിക്കൂവെന്നുമാണു വാദം. 

മാസ്ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം സന്ദർശന പരിപാടിയെന്നു പാർട്ടി സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് 2 പേരടങ്ങുന്ന സ്ക്വാഡ് 100 വീടുകളെങ്കിലും കയറണം. സ്വർണക്കടത്ത് വിവാദത്തെക്കുറിച്ചു ചോദ്യങ്ങൾ ഉണ്ടായാൽ മറുപടി പറയാൻ കഴിവുള്ളവർ സ്ക്വാഡിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 

പലയിടത്തും വീടുകളിലേക്കു കയറാതെ മുറ്റത്തോ ഗേറ്റിനു പുറത്തോ നിന്നു ലഘുലേഖ കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. കണ്ടെയ്ൻമെന്റ് സോണുകളും ഹോട്സ്പോട്ടുകളും ഒഴിവാക്കിയാണ് ഗൃഹസമ്പർക്കം. മുൻപു ചെയ്തിരുന്നതു പോലെ വീട്ടുകാരുമായി വിശദമായി സംസാരിച്ചിരിക്കുന്ന രീതി ഇത്തവണ നടക്കുന്നില്ലെന്നതാണ് ആദ്യദിവസത്തെ അനുഭവം. 

സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനൊപ്പം സ്വർണക്കടത്ത് വിവാദത്തിലെ പാർട്ടി നിലപാട് കൂടി വിശദീകരിക്കുന്നതിനു പകരം വിവാദം മാത്രം ഉന്നയിക്കുന്നതിലെ ഔചിത്യവും   ചർച്ചയായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com