ADVERTISEMENT

കൊച്ചി ∙ ക്രമക്കേടുകൾക്കു വാതിൽ തുറന്നിട്ട് ട്രഷറിയിലെ കോർ ട്രഷറി സേവിങ്സ് ബാങ്ക് (ടിഎസ്ബി), കോർ ട്രഷറി ഇൻഫർമേഷൻ സിസ്റ്റം (ടിഐഎസ്) സോഫ്റ്റ്‌വെയറുകൾ. 2017 ലാണ് ട്രഷറികൾ ഓൺലൈൻ സോഫ്റ്റ്‌വെയറിലേക്കു മാറിയത്.

ഈ ഘട്ടത്തിൽ ആയിരക്കണക്കിന് ഡമ്മി എസ്ബി അക്കൗണ്ടുകൾ ട്രഷറികളിൽ സൃഷ്ടിക്കപ്പെട്ടു. ഇടപാടുകൾ അവസാനിപ്പിച്ച അക്കൗണ്ടുകളാണ് ഡമ്മി എന്ന പേരിൽ പുതിയ സോഫ്റ്റ്‌വെയറിൽ ഉള്ളത്. വഞ്ചിയൂർ മോഡൽ തട്ടിപ്പ് നടത്തുന്നവർക്ക് പിടിക്കപ്പെടാതെ പണം തട്ടാനുള്ള മാർഗമാണ് ഈ ഡമ്മി അക്കൗണ്ടുകൾ.

കോർ ടിഎസ്ബിയിലെ ഇലക്ട്രോണിക് പേ ഓർഡർ ചെക്കിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താനുള്ള ലിങ്ക് ക്രമക്കേടിനുള്ള മറ്റൊരു വഴിയാണ്. ഓൺലൈൻ ആയി തുക, ഇടപാടുകാരന്റെ ട്രഷറിയിലെയോ ബാങ്കിലെയോ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിപ്പോയാൽ തിരുത്തുകയാണ് ഈ ലിങ്കിന്റെ ഉദ്ദേശ്യം. ‘ഫെയിൽഡ്’ അല്ലെങ്കിൽ ‘റിജക്റ്റഡ്’ എന്നു കാണിക്കുന്ന ഇടപാടിൽ, തിരുത്തൽ ലിങ്ക് ഉപയോഗിച്ച് അതേ അക്കൗണ്ടിലേക്കോ മറ്റൊരു അക്കൗണ്ടിലേക്കോ അതേ തുക വീണ്ടും അയയ്ക്കാൻ കഴിയും.

ഇവയ്ക്കു പുറമേ, കൃത്യമായി നടന്ന ഇടപാടു പോലും 2 മണിക്കൂറിനകം റദ്ദാക്കാനുള്ള ഓപ്ഷൻ കോർ ടിഎസ്ബിയിലുണ്ട്. ട്രഷറിയിലോ ബാങ്കിലോ ഉള്ള അക്കൗണ്ടുകളുടെ ഇടപാടുകൾ ഈ രീതിയിൽ റദ്ദാക്കാം. രേഖകളിൽ, ഇടപാട് റദ്ദാക്കിയതായും ട്രഷറിയിൽ അക്കൗണ്ടിൽ തുക തിരിച്ചെത്തിയതായും കാണിക്കും.

എന്നാൽ, ക്രെഡിറ്റ് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്നു തുക യഥാർഥത്തിൽ തിരിച്ച് ട്രഷറിയിലെ അക്കൗണ്ടിലെത്തിയിട്ടുണ്ടാവുകയില്ല. വഞ്ചിയൂർ സബ് ട്രഷറിയിൽ തട്ടിപ്പ് നടന്നത് ഈ രീതിയിലാണെന്നാണു വിവരം. ട്രഷറിയുടെ മൊത്തം കണക്ക് നോക്കുമ്പോൾ മാത്രമേ വ്യത്യാസം തിരിച്ചറിയാൻ കഴിയൂ.

English summary: Treasury fraud Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com