ADVERTISEMENT

ആലുവ ∙ 3 സർക്കാർ ആശുപത്രികളിൽ എത്തിച്ചിട്ടും മരണത്തിനു കീഴടങ്ങേണ്ടിവന്ന 3 വയസ്സുകാരൻ പൃഥ്വിരാജ് 2 നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. രണ്ടും തമ്മിൽ ഒട്ടിച്ചേർന്ന രീതിയിലായിരുന്നു. ഒരു രൂപയുടെയും 50 പൈസയുടെയും തുട്ടുകളാണിവ.

നാണയങ്ങൾ വൻകുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നു. ഏതാനും സമയം കൂടി കഴിഞ്ഞാൽ തനിയെ പുറത്തു വരുമായിരുന്നു എന്നാണു ഡോക്ടർമാരുടെ നിഗമനം. നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ല. കുട്ടിയുടെ ദേഹത്തും മുറിവുകളോ പരുക്കുകളോ ഇല്ല.

നാണയങ്ങൾ ഉള്ളിൽ ചെന്നതല്ല മരണ കാരണമെന്നാണു കൊച്ചി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും കാക്കനാട് രാസ പരിശോധനാ ലാബിൽ പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ.

വിവാദ സംഭവമായതിനാൽ ഫലം ഉടൻ ലഭ്യമാക്കണമെന്നു പൊലീസ് കത്തു നൽകിയിട്ടുണ്ട്. കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ പഴവും വെള്ളവും കൊടുക്കാൻ നിർദേശിച്ചിരുന്നു. 

അതനുസരിച്ച് 4 കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തു. പഴം കിട്ടാത്തതുകൊണ്ടു പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കിയാണു കൊടുത്തത്. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ മറ്റൊന്നും കുട്ടി കഴിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു.

രാവിലെ 10ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ 11.45നാണ് അവസാനിച്ചത്. ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം അമ്മ നന്ദിനിയുടെ കൊല്ലം പൂതക്കുളത്തെ വീട്ടിലേക്കു കൊണ്ടുപോയി സംസ്കരിച്ചു .

English summary: Child death Aluva: Postmortem report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com