ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സലിൽനിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ, കള്ളക്കടത്തു സംഘത്തിനനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥൻ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. നയതന്ത്ര പാഴ്സൽ തടഞ്ഞുവച്ച കാർഗോ കോംപ്ലക്സ് അസിസ്റ്റന്റ് കമ്മിഷണറായ ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ കസ്റ്റംസ് ആൻഡ് ജിഎസ്ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചതായാണു കസ്റ്റംസിനു നൽകിയ മൊഴിയിലുള്ളത്. ആരോപണവിധേയനായ അസി. കമ്മിഷണറെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

ജൂലൈ രണ്ടിന്, തന്റെ വീട്ടിലുള്ളപ്പോഴാണു സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ വിളിച്ചതെന്നു സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ജൂൺ 30ന് കാർഗോ കോംപ്ലക്സിലെത്തിയ ബാഗേജ്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം ജൂലൈ അഞ്ചിനാണു കസ്റ്റംസ് തുറന്നു നോക്കുന്നതും കേസ് റജിസ്റ്റർ ചെയ്യുന്നതും. 

1200-gold-smuggling-swpana-suresh-sarith

‘അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്നാണു ജൂലൈ 2 ന് സരിത്തിനെ വിളിച്ച ഉദ്യോഗസ്ഥൻ പറഞ്ഞത്. അദ്ദേഹം വീണ്ടും സരിത്തിനെ വിളിച്ചാണു വകുപ്പിലെ മേലധികാരിക്കു പരാതി നൽകണമെന്നു പറഞ്ഞതും അതിനായി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും നൽകിയതും. സരിത്താണ് ഇക്കാര്യങ്ങൾ എന്നോടു പറഞ്ഞത്.’ – സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച സ്വപ്നയുടെ മൊഴിയിലും ഇക്കാര്യമുണ്ട്. 

ഇതേസമയം, ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനെ പറ്റി സരിത്തിന്റെ മൊഴിയിൽ പരാമർശങ്ങളില്ലെന്നാണു വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അവസരം ലഭിച്ചിട്ടുമില്ല. 

നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തെന്ന ആശയത്തിനു പിറകിൽ ആരാണെന്ന സംശയത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം പ്രതികൾക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിച്ചത്. സരിത്തും കസ്റ്റംസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധമുണ്ടായതെങ്ങയെന്നു സ്വപ്നയുടെ മൊഴിയിലില്ല. പാഴ്സൽ തടഞ്ഞുവച്ച കാര്യം, ആരോപണവിധേയനായ അസി. കമ്മിഷണർ അറിഞ്ഞതെങ്ങനെയെന്നും വ്യക്തമല്ല.

കസ്റ്റഡി അപേക്ഷ തള്ളി

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ സാമ്പത്തിക വിചാരണക്കോടതി തള്ളി. 14 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്.

English Summary: Customs official involed says Swapna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com