ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണ കരാർ ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷൻ നൽകിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തി.

കേസിലെ പ്രതിയായ സന്ദീപ് നായർ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്തോഷ് മൊഴി നൽകി.  തിരുവനന്തപുരം സ്വദേശി യദുവാണു സന്തോഷിനെ പ്രതികൾക്കു പരിചയപ്പെടുത്തിയത്. യദുവിന്റെ മൊഴി രേഖപ്പെടുത്തും.

വീടു നിർമാണ കരാർ സന്ദീപ് വഴിയാണു ലഭിച്ചതെന്നു സന്തോഷ് ഈപ്പൻ ഒരു വാർത്താ ചാനലിനോടു പറഞ്ഞു. കരാറിന്റെ ആവശ്യത്തിനു സ്വപ്നയെയും സന്ദീപിനെയും കണ്ടു ചർച്ച നടത്തിയിട്ടുണ്ട്. കരാർ ലഭിക്കാൻ സ്വപ്ന കമ്മിഷൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടില്ല. 

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടിയോളം രൂപ എൻഐഎ കണ്ടെത്തിയിരുന്നു. ഇത്, ലൈഫ് മിഷൻ കരാറിൽ നിന്നുള്ള കമ്മിഷൻ തുകയാണെന്നാണു സ്വപ്നയുടെ  മൊഴി. 

സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരും ലോക്കറിൽ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ് കേസിൽ സ്വപ്നയുടെ ജാമ്യാപേക്ഷയിൽ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്നലെ വാദം പൂർത്തിയാക്കി, ഇന്നു വിധി പറയും.

English summary: Gold smuggling; Life mission 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com