ADVERTISEMENT

കൊച്ചി ∙ തിങ്കളാഴ്ച ‘ചിരി’യുടെ നമ്പറിലേക്കെത്തിയ ആ കോൾ എടുത്ത പൊലീസ് ഉദ്യോഗസ്ഥ കേട്ടതൊരു കരച്ചിൽ. ഫോണിന്റെ അങ്ങേത്തലയ്ക്കൽ വിങ്ങിപ്പൊട്ടി ഒരു ആറാം ക്ലാസുകാരൻ. ഗുരുതരമായ എന്തോ പ്രശ്നമാണെന്നുറപ്പിച്ച് ഉദ്വേഗത്തോടെയാണു കാര്യം തിരക്കിയത്. കരച്ചിലിന്റെ ഇടവേളയിൽ ചിതറിവീണ വാക്കുകൾ ഇങ്ങനെ, ‘‘എന്റെ നെല്ലിച്ചെടി രാത്രി ആരോ വെട്ടിക്കൊണ്ടു പോയി. ഇതു ചെയ്ത ദുഷ്ടനെ പിടിക്കണം’’. നായരമ്പലം കുടുങ്ങാശേരി ലൊബേലിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പവൻ നാഷ് എന്ന കണ്ണനായിരുന്നു പരാതിക്കാരൻ.

ആദ്യം ഒന്നമ്പരന്നെങ്കിലും സംഗതി കുട്ടിക്കളിയല്ലെന്നു തിരിച്ചറിഞ്ഞതോടെ പരാതി ‘ചിരി’ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഐജി പി. വിജയന്റെ മുൻപിൽ. കുട്ടിയുടെ മനസ്സിനേറ്റ മുറിവിന്റെ ആഴം ബോധ്യപ്പെട്ട ഐജി നിമിഷങ്ങൾക്കുള്ളിൽ ഞാറയ്ക്കൽ സ്റ്റേഷനു പരാതി കൈമാറി. പിന്നെല്ലാം പെട്ടെന്നായിരുന്നു. ഒന്നിനു പകരം രണ്ടു നെല്ലിത്തൈയും പുറമേ പേര, പുളി, സീതപ്പഴം തുടങ്ങിയവയുടെ തൈകളുമായി പൊലീസ് കണ്ണന്റെ വീട്ടുമുറ്റത്ത്.

ഒപ്പം, നെല്ലിത്തൈ വെട്ടിയവനെ വലയിലാക്കുമെന്ന ഉറപ്പും. മുൻപുണ്ടായിരുന്ന നെല്ലിയുടെ അതേ സ്ഥാനത്തു തന്നെ പുതിയ തൈ നട്ടു പിടിപ്പിച്ചതോടെ കണ്ണന്റെ മുഖത്തു ചിരി വിടർന്നു. ഞാറയ്ക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. ധർമജിത്തും എഎസ്ഐ ഗോപിയും മറ്റു പൊലീസുകാരും ആ ചിരി ഏറ്റെടുത്തതോടെ കഥയ്ക്കു ശുഭാന്ത്യം. 

രണ്ടു വർഷം മുൻപാണു സ്കൂളിൽ നിന്നു കിട്ടിയ തൈ കണ്ണൻ വീടിനു മുന്നിൽ നട്ടത്. തിങ്കളാഴ്ച രാവിലെയാണു തൈ വെട്ടിക്കൊണ്ടു പോയതറിഞ്ഞത്. എസ്പിസി കെഡറ്റ് കൂടിയായ ചേച്ചി പവിത്രയുടെ അധ്യാപകൻ ഹരികുമാറിനെ വിവരമറിയിച്ചപ്പോഴാണു തിരുവനന്തപുരത്തു ചിരിയുടെ നമ്പർ നൽകി വിളിക്കാൻ നിർദേശിച്ചത്. കുടുങ്ങാശേരി അറേക്കാട്ട് വീട്ടിൽ മാർബിൾ പണിക്കാരനായ എ.എ. നാഷിന്റെയും ദിവ്യയുടെയും മകനാണു പവൻ.

കോവിഡ് കാലത്തെ ‘ചിരി’

കോവിഡ് കാലത്തു വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ ജൂലൈ 11ന് ആരംഭിച്ച പദ്ധതിയാണ് ‘ചിരി’. കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്കകൾക്കു പരിഹാരം, കൗൺസലിങ് എന്നിവയാണു ലക്ഷ്യം. ഇതിനകം സംസ്ഥാനത്ത് ഈ സംവിധാനം ഉപയോഗിച്ചത് രണ്ടായിരത്തഞ്ഞൂറിലേറെ പേരാണ്. കുട്ടികളുടെ വർധിക്കുന്ന മൊബൈൽ ഉപയോഗത്തെച്ചൊല്ലിയുള്ള ആശങ്കകൾ മുതൽ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ വരെയുള്ള വിഷയങ്ങളിൽ ‘ചിരി’ ഇടപെടുന്നു.

‘ചിരി’യുടെ നമ്പർ: 94979 00200

English summary: Kerala Police 'Chiri' programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com