ADVERTISEMENT

കൊച്ചി ∙ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മുഴുവൻ രേഖകളും പരിശോധിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. ലൈഫിലെ ഭവന നിർമാണ നിർവഹണത്തിൽ സംസ്ഥാന സർക്കാരിനു മേൽനോട്ട ചുമതലയില്ലാത്ത മുഴുവൻ കരാറുകളിലും ഇടനിലക്കാർ കമ്മിഷൻ വാങ്ങിയിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഇഡി ഒരുങ്ങുന്നത്. ലൈഫ് പദ്ധതി മറയാക്കി കള്ളപ്പണ ഇടപാടു നടന്നോയെന്നു കണ്ടെത്തും.

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം നിർമാണകരാറുകളുടെ ഇടനിലക്കാരിയെന്ന നിലയിൽ ലഭിച്ചതാണെന്നാണു സ്വപ്നയുടെ മൊഴി. ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് സംഭാവന ചെയ്ത 140 ഫ്ലാറ്റുകൾ, യുഎഇ കോൺസുലേറ്റിന്റെ തിരുവനന്തപുരത്തെ പുതിയ ഓഫിസിന്റെ നിർമാണം, രാജ്യത്തെ മറ്റു യുഎഇ കോൺസുലേറ്റുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ നിർമാണ കരാർ ലഭിച്ച കൊച്ചിയിലെ യൂണിടാക് ബിൽഡേഴ്സ്, സേൻ വെൻഞ്ചേഴ്സ് എന്നിവർ കമ്മിഷൻ നൽകിയ പണമാണെന്നാണു സ്വപ്നയുടെ വാദം.

ഇതിൽ യൂണിടാക് കമ്മിഷൻ നൽകിയതായി സമ്മതിച്ചിട്ടുണ്ടെങ്കിലും സേൻ വെൻഞ്ചേഴ്സ് നിഷേധിച്ചു മൊഴി നൽകി. കേരളത്തിലെ 2 മുൻനിര സ്വകാര്യ ധനകാര്യസ്ഥാപനങ്ങളോടു മത്സരിച്ചു യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാർ നേടിയ യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഇവരും കമ്മിഷൻ നൽകിയെന്ന സ്വപ്നയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണിത്.

ഇവർക്കു പുറമേ സ്വപ്നയുമായി 2 വർഷത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്തും. സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ, മുതൽ മുടക്കിയവർ, ലാഭം പങ്കിട്ടവർ, മറ്റു ഗുണഭോക്താക്കൾ എന്നിവരെ മുഴുവൻ കണ്ടെത്താൻ 3 മാസത്തെ അന്വേഷണം വേണ്ടിവരുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

English summary: Life Mission: Enforcement Directorate investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com