ADVERTISEMENT

തിരുവനന്തപുരം ∙ 24 മുതൽ ഇന്നലെ വരെ 3 ദിവസം കൊണ്ടു സർക്കാർ ജീവനക്കാരുടെ ഓണക്കാല മുൻകൂർ ശമ്പള വിതരണം പൂർത്തിയാക്കാൻ ഉത്തരവിറക്കിയെങ്കിലും നൽകാനായത് പകുതിപ്പേരുടെ ശമ്പളം മാത്രം.

അതിനാൽ, അവധിദിനമായ നാളെയും തുറന്നു പ്രവർത്തിക്കാൻ ട്രഷറിയോടു സർക്കാർ ആവശ്യപ്പെട്ടു. രണ്ടര ലക്ഷം ജീവനക്കാരുടെ ശമ്പളം ഇനിയും നൽകാൻ ബാക്കിയാണ്. ബില്ലുകൾ സമർപ്പിക്കുന്നതിലെ കാലതാമസവും സോഫ്റ്റ്‌വെയർ തകരാറും സെർവറിന്റെ ശേഷിക്കുറവുമാണു ശമ്പള വിതരണത്തിനു തടസ്സം. 

ശമ്പളം, ബോണസ്, അഡ്വാൻസ് എന്നിങ്ങനെ ഓരോ സർക്കാർ ജീവനക്കാരനും 3 ബില്ലുകൾ വീതമാണ് ഇക്കുറി ട്രഷറിയിലെത്തിയത്. ഇൗ അധികഭാരം കാരണം സെർവർ പലവട്ടം പണിമുടക്കി. വരും ദിവസങ്ങളിലും ഇതു തുടർന്നാൽ ഒട്ടേറെ ജീവനക്കാർക്ക് ഓണത്തിനു മുൻപു ശമ്പളം ലഭിക്കില്ല.

ട്രഷറി ഇടപാടുകൾ സുഗമമാക്കാൻ രണ്ടരക്കോടി രൂപ മുടക്കി പുതിയ കംപ്യൂട്ടർ സെർ‌വർ കഴിഞ്ഞ മാസം വാങ്ങിയെങ്കിലും ഇതു സ്ഥാപിക്കാൻ സ്ഥലമില്ലെന്ന് ഐടി വകുപ്പ് ട്രഷറിയെ അറിയിച്ചു. ഇതോടെ ട്രഷറിയിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഐടി മേഖലയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനെന്ന പേരിൽ ഇൗ സർക്കാർ ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചിട്ടു പോലും ഇത്തരം പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. 

ഇൗ കമ്പനിയിലാണ് കൺസൽറ്റൻസി വഴി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഴിവിട്ടു നിയമനം നൽകിയത്. 2 സെർവറുകളാണ് ട്രഷറിക്കുള്ളത്. ഒന്ന് കോ-ബാങ്ക് ടവറിലെ സ്റ്റേറ്റ് ഡേറ്റാ സെന്റർ ഒന്നിലും രണ്ടാമത്തേത് ടെക്നോപാർക്ക് തേജസ്വിനി ബിൽഡിങ്ങിലെ ഡേറ്റാ സെന്റർ രണ്ടിലും.

8 വർഷം പഴക്കമുള്ള ഇൗ സെർവറുകൾക്ക് ഇപ്പോഴത്തെ ട്രഷറി ഇടപാടുകളുടെ ബാഹുല്യം താങ്ങാൻ കഴിയുന്നില്ല. മുൻപു ദിവസേന 40,000 ഇടപാടുകൾ നടന്നെങ്കിൽ ഇപ്പോൾ ഇത് ഇരട്ടിയായി. പലപ്പോഴും സെർവർ പണിമുടക്കുന്നതു കാരണം മണിക്കൂറുകളാണ് ട്രഷറി ഇടപാടുകൾ തടസ്സപ്പെടുന്നത്. ഇതു കണക്കിലെടുത്ത് ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് എച്ച്പി കമ്പനിയിൽ നിന്നു രണ്ടരക്കോടി രൂപ മുടക്കി പുതിയ സെർവർ ട്രഷറി വകുപ്പ് വാങ്ങിയത്. പൊടിപിടിച്ചിരിക്കാനായി ഇൗ സെർവറിന്റെ യോഗം.

മന്ത്രിമാർ സ്പാർക്കിലേക്കില്ല; പകരം പുതിയ കോഡ്

ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിലേക്കു മന്ത്രിമാർക്കും എംഎൽഎമാർക്കും മാറാൻ താൽപര്യമില്ലെന്നും ട്രഷറി ആവശ്യമായ മാറ്റങ്ങൾ വരുത്തി ശമ്പള വിതരണം ഉറപ്പാക്കണമെന്നും ധനവകുപ്പിന്റെ നിർദേശം. സർക്കാർ ജീവനക്കാരുടെ പെൻ നമ്പർ തന്നെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും എസ്ഡിഒ നമ്പറായതു കാരണം ഇവർക്കു ശമ്പള വിതരണം തടസ്സപ്പെടുമെന്നു ട്രഷറി ഡയറക്ടർ ധനവകുപ്പിനു കത്ത് നൽകിയിരുന്നു. 

ഇതു പരിഹരിക്കാൻ എംഎൽമാർക്കും മന്ത്രിമാർക്കും സ്പാർക് സോഫ്റ്റ്‌വെയറിലൂടെ ശമ്പളം നൽകണമെന്നാണ് ട്രഷറി ഡയറക്ടർ നിർദേശിച്ചത്. എന്നാൽ തൽക്കാലം അതു പറ്റില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. 

ഒരു തിരിച്ചറിയൽ നമ്പറിൽ നിന്നുള്ള ശമ്പള ബില്ലുകൾ 2 വട്ടം പാസാക്കുന്നത് ഒഴിവാക്കാൻ ഇൗ മാസം മുതൽ ട്രഷറി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരേ നമ്പറുള്ള 2 പേരിൽ ആദ്യം ബിൽ സമർപ്പിക്കുന്നയാൾക്കു മാത്രമേ ശമ്പളം ലഭിക്കൂ. തൽക്കാലം എംഎൽഎമാർക്കും മന്ത്രിമാർക്കും പുതിയ എസ്ഡിഒ നമ്പർ നൽകാനാണ് ട്രഷറി ആലോചിക്കുന്നത്.

English summary: Salary distribution pending in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com