ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് ബിജെപിക്കെതിരെ ആയുധമാക്കാൻ സിപിഎം. ബിജെപി ഇക്കാര്യം വിശദീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

ഇതേസമയം, ജനം ടിവിയുടെ ചുമതലകളിൽ നിന്നു മാറി നിൽക്കുന്നതായി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫെയ്സ്ബുക് പോസ്റ്റിൽ അറിയിച്ചു. സംശയങ്ങൾ ദൂരീകരിക്കും വരെ മാറിനിൽക്കുന്നുവെന്നാണ് പോസ്റ്റ്.

ബിജെപി അനുകൂല ചാനലായ ജനം ടിവിക്ക് നേതൃത്വം നൽകിവന്ന അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സ്വർണക്കടത്തു കേസിൽ പ്രതിരോധത്തിലായി നിൽക്കുന്ന സർക്കാരിനും സിപിഎമ്മിനും അപ്രതീക്ഷിതമായി കിട്ടിയ പിടിവള്ളിയായി. അനിലിനെ കരുവാക്കി കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നു ബിജെപി കരുതുന്നു.

അനിലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നപ്പോൾ ജനം ടിവിക്കും ഇയാൾക്കും ബിജെപിയുമായി ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെയുള്ള പാർട്ടിയുടെ സമരത്തെ സംഭവം ബാധിക്കില്ലെന്നും വ്യക്തമാക്കി. 

എന്നാൽ ഇതിനെ ചോദ്യം ചെയ്താണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. അനിൽ പരൽമീൻ മാത്രമാണെന്നും വമ്പൻ സ്രാവ് വിദേശകാര്യ മന്ത്രാലയത്തിലാണെന്നുമുള്ള ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിന്റെ പ്രതികരണമാണ് പാർട്ടിക്കൊപ്പം മുരളീധരനെയും സിപിഎം ലക്ഷ്യമിടുന്നുവെന്ന സൂചന നൽകിയത്. അപകടം മുൻകൂട്ടി കണ്ടാണ് അനിലിനോട് ഒഴിഞ്ഞു നിൽക്കാ‍ൻ ആവശ്യപ്പെട്ടതെന്നാണു വിവരം.

English summary: CPM on Anil Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com