ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിലെ പ്രതി സ്വപ്നയുടെ മൊഴിയിൽ ദൃശ്യമാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരെപ്പറ്റി പരാമർശിക്കുന്നതു 3 പേജുകളിൽ. ഇതിൽ, കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷം സ്വപ്നയെ വിളിച്ച് അനിൽ നമ്പ്യാർ പറഞ്ഞ കാര്യത്തിലാണു വ്യക്തത തേടുന്നത്.

4 മിനിറ്റ് 22 സെക്കൻഡാണ് അനിൽ അന്നു സ്വപ്നയുമായി സംസാരിച്ചത്. ഒരു വർഷത്തിനിടെ സ്വപ്നയെ വിളിച്ചിട്ടില്ലാത്ത അനിൽ 262 സെക്കൻഡ് സംസാരിച്ച മുഴുവൻ കാര്യങ്ങളും വിശദീകരിക്കാനാണു കസ്റ്റംസ് ആവശ്യപ്പെട്ടത്. സ്വർണക്കടത്തു പിടിച്ച വാർത്തയ്ക്കൊപ്പം കോൺസുലേറ്റിന്റെ വിശദീകരണം നൽകാൻ വേണ്ടിയാണു സ്വപ്നയെ വിളിച്ചതെന്നാണ് അനിലിന്റെ വാദം.

സ്വപ്നയുടെ മൊഴിയിൽ നിന്ന്:  പിടിച്ചെടുത്തതു നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്മെന്റ് നൽകിയാൽ മതിയെന്ന് അനിൽ നമ്പ്യാർ എന്നോടു പറഞ്ഞു. സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോഴാണു വിളിച്ചത്.

സ്റ്റേറ്റ്മെന്റിന്റെ കാര്യം കോൺസുലേറ്റ് ജനറലിനെ അറിയിച്ചപ്പോൾ, അനിലിനോടു തന്നെ അതു തയാറാക്കാൻ പറയാനായിരുന്നു നിർദേശം. ഇക്കാര്യം അനിലിനെ അറിയിച്ചപ്പോൾ സമ്മതിച്ചു. പിന്നീട്, അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള തത്രപ്പാടിനിടെ എനിക്കു വിളിക്കാൻ പറ്റിയില്ല.  

2 വർഷം മുൻപ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടത്. കേസിൽ പെട്ട് യുഎഇയിൽ പ്രവേശിക്കാൻ അനിലിനു വിലക്കുണ്ടായിരുന്നു. വിലക്ക് നീക്കിക്കിട്ടാൻ വേണ്ടിയാണു സരിത്തിനെ സമീപിച്ചത്. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയെടുത്ത ശേഷം യാത്ര നടത്തി.

2018 ൽ തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ചാണ് ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘാടകനായി കോൺസുലാർ ജനറലിനെ പങ്കെടുപ്പിച്ചിട്ടുണ്ട്. പിന്നീട് വല്ലപ്പോഴും അനിൽ വിളിക്കാറുണ്ട്. 

English summary: Gold smuggling case; Anil Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com