ADVERTISEMENT

അച്ചു അൽപം സങ്കടത്തിലാണ്. അപ്പൻ, രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലു പിന്നിടുകയാണ്. ഈ സമയം കേരളത്തിൽ ഉണ്ടാവേണ്ടതാണ്. പക്ഷേ, കോവിഡ് കാരണം വരാനാകില്ല. മറിയവും ചാണ്ടിയും അപ്പയ്ക്കൊപ്പമുണ്ട്. അതിലൊരു ചെറിയ കുശുമ്പില്ലാതെയുമില്ല! ഉമ്മൻ ചാണ്ടിയും മക്കളും മലയാള മനോരമയ്ക്കു വേണ്ടി സൂമിൽ ഒന്നിച്ചപ്പോൾ...

മലയാള മനോരമ: ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ചു ഈ ദിവസം എങ്ങനെ ആഘോഷിച്ചേനേ?

അച്ചു: ഞാൻ ഒരു കലക്കുകലക്കിയെനേ. ഞങ്ങൾക്കു വേണ്ടി ഒരു സ്പെഷൽ ആഘോഷമൊക്കെ ഒരുക്കാമായിരുന്നു. സ്പെഷൽ കേക്കും ഒക്കെ.

ചാണ്ടി: അതേയതേ നീ ഒരു ഇവന്റ് മാനേജരുമാണല്ലോ!

അച്ചു: അതാണ്! അപ്പയുടെ നിയമസഭയിലെ 50 വർഷം നമുക്കൊക്കെ എന്നും ഓർമിക്കാനുള്ള ഒരു സുവനീർ ഞാൻ തയാറാക്കിയേനെ! എന്നിട്ട് നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും കൊടുക്കാമായിരുന്നു.

ചാണ്ടി: സാരമില്ല. കോവിഡൊക്കെ കഴിയുമല്ലോ. അപ്പോ നമുക്ക് ചെയ്യാം!

അച്ചു: അതെ. അതിനാണ് ഞാനും കാത്തിരിക്കുന്നത്. പക്ഷേ, പുതുപ്പള്ളിയിലെ ഈ ദിവസങ്ങളൊക്കെ ഞാൻ മിസ് ചെയ്യും.

മറിയം: സാരമില്ല, എല്ലാം ലൈവായി കാണാമല്ലോ.

അച്ചു: ഇവിടെയുമുണ്ട് കുറച്ചു പരിപാടികൾ.  പ്രവാസി സംഘടനകൾ ഭക്ഷണ വിതരണവും രക്തദാനവും ഒക്കെ നടത്തുന്നുണ്ട്.

(ഉമ്മൻ ചാണ്ടിയും സൂമിൽ ചേരുന്നു)

അച്ചു: അപ്പ, ഞാനാണ്! വലിയ തിരക്കിലാണല്ലേ?

ഉമ്മൻ ചാണ്ടി: അതേയതേ. ചാനൽ ഇന്റർവ്യൂകൾ, പത്രക്കാർ...

ചാണ്ടി: 12 ചാനൽ ഇന്റർവ്യൂ കഴിഞ്ഞു. ഇനിയും രണ്ടെണ്ണം വരാനുണ്ട്!

അച്ചു: അപ്പ, എനിക്ക് അവിടെ വരണമെന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ വരാതിരിക്കുന്നതല്ലേ നല്ലത്?

ഉമ്മൻ ചാണ്ടി: അതേ. ഇപ്പോൾ വരണ്ട. അവിടെ ചെയ്യാനുള്ളതു ചെയ്യൂ. ഇവിടുത്തെ കാര്യങ്ങൾ നടക്കും.

അച്ചു: എന്റെ വകയായി അപ്പയ്ക്ക് ഒരു സാധനം തരണമെന്ന് ചാണ്ടിയോടു പറഞ്ഞിട്ടുണ്ട്.

ഉമ്മൻ ചാണ്ടി: എന്താ അത്?

ചാണ്ടി: ങേ, എന്ത്?

അച്ചു: ഒരുമ്മ!

സൂമിൽ പൊട്ടിച്ചിരി!

ഉമ്മൻ ചാണ്ടി: അപ്പോ ശരി മോളെ. ഉടനെ കാണാം. (അടുത്ത സന്ദർശകരെത്തി. ഉമ്മൻ ചാണ്ടി അവരുടെ അടുത്തേക്ക്.)

അച്ചു: അപ്പയെ ഞാൻ വിളിച്ചിട്ട് മൂന്നാഴ്ചയെങ്കിലുമായി. അപ്പയ്ക്കു സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. ഞാൻ കൂടെ വിളിച്ചു കൂടുതൽ സംസാരിപ്പിക്കേണ്ട എന്നു കരുതി.

ചാണ്ടി: ശരിയാണ്. 2015 ൽ ചെറിയൊരു പ്രശ്നം വന്നു. 2018 ലും 19 ലും അത് ആവർത്തിച്ചു. സൗണ്ട് റെസ്റ്റ് എടുക്കാൻ പക്ഷേ അപ്പയ്ക്കു പറ്റില്ലല്ലോ!

മറിയം: ശരിയാണ്. അപ്പയ്ക്ക് എപ്പോഴും ആളുകളോടു മിണ്ടിക്കൊണ്ടിരിക്കണം. ഫോൺ ഒന്നും വന്നില്ലെങ്കിൽ സങ്കടമാണ്!

oommen-1

മലയാള മനോരമ: നിങ്ങൾക്ക് അപ്പനിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണ്? ഇഷ്ടമില്ലാത്തതും?

അച്ചു: അപ്പയുടെ അറിവ്, സഹിഷ്ണുത, ഇച്ഛാശക്തി... അങ്ങനെ പലതുമുണ്ട്. പക്ഷേ, എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത്, നിസ്വാർഥ്വതയാണ്. ഒരു മനുഷ്യന് ഇങ്ങനെ നിസ്വാർഥനാകാൻ കഴിയുമോ എന്നത് ആശ്ചര്യമാണ്. അപ്പയുടെ ദൗർബല്യവും അതാണ്.

മറിയം: ശരിയാണ്. അനുകമ്പയും ക്ഷമയും നിസ്വാർഥതയും ഇത്രയും ഞാൻ വേറൊരാളിൽ കണ്ടിട്ടില്ല. പിന്നെ, അപ്പ ഇങ്ങനെയായതുകൊണ്ട് ഞങ്ങൾക്കു ചില നഷ്ടങ്ങളുണ്ട്. ഒരു സിനിമയ്ക്കു പോകാൻ കിട്ടില്ല, സ്കൂളിലോ കോളജിലോ ഒന്നു വരില്ല! പക്ഷേ, ഞങ്ങൾ മൂന്നും ചെറുപ്പത്തിലേ ആ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടതാണ്.

ചാണ്ടി: രണ്ടുപേരും പറഞ്ഞതിനു പുറമേ, രാഷ്ട്രീയ വിദ്യാർഥി എന്ന നിലയിൽ എന്റെ ആരാധന അപ്പയുടെ പ്രായോഗികജ്ഞാനത്തിലും ബുദ്ധിയിലുമാണ്. ഏതു പ്രശ്നത്തിനും അപ്പയുടെ കയ്യിൽ പരിഹാരമുണ്ട്. പിന്നെ ആരെയും വേദനിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ. രണ്ടും വലിയ പാഠമാണ്.

മലയാള മനോരമ: ഈ ഘട്ടത്തിൽ അപ്പയ്ക്കു നിങ്ങൾ മൂന്നു പേരും എന്ത് ഉപദേശമാണു കൊടുക്കുക?

 

വീണ്ടും ചിരി!

മൂന്നു പേരും: ഇത്രയും ജീവിതം കണ്ട, അതിലൂടെ നായകനായി മുന്നേറുന്ന അപ്പയ്ക്ക് ഞങ്ങൾ എന്തു ഉപദേശം കൊടുക്കാനാ?

ആരോഗ്യകാര്യത്തിൽ കുറച്ചൂടെ ശ്രദ്ധയാകാം എന്നു മാത്രമേ പറയാനുള്ളൂ.

അച്ചു: അപ്പോ ചാണ്ടീ,  ഞാൻ പറഞ്ഞതു കൊടുക്കുന്ന കാര്യം മറക്കരുത്.

ചാണ്ടി: യെസ്, യെസ്, അവിടെ സമാധാനത്തോടെ ഇരുന്നോ. ഇവിടെ ഞങ്ങൾ നോക്കിക്കോളാം!

English summary: Oommen Chandy zoom meet with family

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com