ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനെതിരായ വിവാദങ്ങളെല്ലാം സങ്കൽപ കഥകളാണെന്നു പറയുന്ന മുഖ്യമന്ത്രി സങ്കൽപ ലോകത്താണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വർണക്കടത്തു കേസ് കെട്ടുകഥ, സ്വപ്നയെയും സംഘത്തെയും അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ ചോദ്യം ചെയ്തതും സങ്കൽപകഥ,നയതന്ത്ര ചാനലിലൂടെ പാഴ്സൽ കടത്തിയതു സാങ്കൽപികം,കോടിയേരിയുടെ മകനു ലഹരി, സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നതും ഇഡി ചോദ്യം ചെയ്തതും സങ്കൽപകഥ, ലൈഫ് മിഷനിൽ മന്ത്രി പുത്രൻ കമ്മിഷൻ പറ്റിയതും ഈ വാർത്ത വന്നതിനു പിന്നാലെ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ചു ലോക്കറിൽ പരതിയതും സാങ്കൽപിക കഥ.

സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും പോലും സാങ്കൽപികമാണെന്നു മുഖ്യമന്ത്രി പറഞ്ഞേക്കും. അദ്ദേഹത്തോടു ചോദിക്കുന്നതിനൊന്നും മറുപടിയില്ല. അഴിമതിക്കു കുടപിടിക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.എത്രനാൾ ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കും?

മന്ത്രി ജലീലിനെ ഇഡി വിളിച്ചു വരുത്തി ചായയും പരിപ്പുവടയും കൊടുത്തു സന്തോഷിപ്പിച്ചു വിട്ടുവെന്നാണു മുഖ്യമന്ത്രി പറയുന്നതു കേട്ടാൽ തോന്നുക. വഖഫിന്റെ ചുമതലയുള്ള മന്ത്രിക്ക് യുഎഇ കോൺസുലേറ്റിൽ എന്താണു കാര്യം? 

പത്രക്കാരെ പിടികൂടാൻ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ എന്താണു വ്യത്യാസം?

ലൈഫ് മിഷന്റെ കരാർ അംഗീകരിച്ചതും കമ്മിഷൻ നിശ്ചയിച്ചതും വീതംവച്ചതുമെല്ലാം സർക്കാരിന്റെ നേതൃത്വത്തിലാണ്. അങ്ങനെയാണു മന്ത്രി പുത്രന്മാർക്കു വിഹിതം കിട്ടിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തിയോ എന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 ‘മന്ത്രി കെ.ടി.ജലീൽ ഈമാൻ (യഥാർഥ വിശ്വാസം) ഉളള   വിശ്വാസി ആണ്. അദ്ദേഹത്തെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. കപടവിശ്വാസികളാണു ജലീലിനെതിരെ സമരം നടത്തുന്നത്. നിരീശ്വരവാദികളുടെ കൂടെ ചെന്നാലും കപടവിശ്വാസികളുടെ കൂടെ നിൽക്കരുത് എന്നാണു നബി  പറഞ്ഞിട്ടുള്ളത്.  ഒരു കേസിലും ജലീൽ പ്രതിയല്ല. ഒരു തെറ്റും ചെയ്തിട്ടില്ല. മന്ത്രിമാരെ വഴി നടക്കാൻ അനുവദിക്കില്ല എന്നതൊക്കെ വിടുവായത്തമാണ്. ’

  മന്ത്രി എ.കെ.ബാലൻ

തങ്ങൾ പറഞ്ഞാൽ രാജിയെന്ന നിലപാട്  ചർച്ച വഴിതിരിച്ചു വിടാൻ: കുഞ്ഞാലിക്കുട്ടി 

മലപ്പുറം ∙ പാണക്കാട് തങ്ങൾ പറഞ്ഞാൽ രാജി വയ്ക്കാമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സ്വർ‌ണക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. അതിൽ മുസ്‍ലിം ലീഗ് വീഴില്ല.

നയതന്ത്ര ചാനൽ വഴി കൊണ്ടുവന്നതു ഖുർആനോ സ്വർണമോ എന്നതാണു ചോദ്യം. അതിനു ജലീൽ നേരെചൊവ്വേ മറുപടി പറയണം. ജലീൽ രാജിവയ്ക്കണമെന്ന ലീഗ് നിലപാടിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ‌ പറഞ്ഞു. 

യുഎഇയെ അപമാനിക്കാൻ ശ്രമം  

സ്വർണക്കടത്തു കേസിലേക്കു മനഃപൂർവം യുഎഇയെ വലിച്ചിഴച്ചു രാജ്യാന്തര തർക്കമാക്കി മാറ്റി സ്വന്തം മുഖം രക്ഷിക്കാനാണു സിപിഎം ശ്രമിക്കുന്നത്. 

സിപിഎമ്മിന്റെ പുതിയ വാദം യുഎഇയിലെ മലയാളികളായ പ്രവാസികളുടെ ഭാവി തകർക്കുന്നതാണ്. യുഎഇ അധികാരികൾ കള്ളക്കടത്തു നടത്തിയെന്നു സ്ഥാപിക്കാനാണു സിപിഎം ശ്രമിക്കുന്നത്. യുഎഇയിൽ പോയി സഹായം വാങ്ങി പണക്കാരായി മാറിയതു സിപിഎം നേതാക്കളാണ്.

 ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

English summary: Ramesh Chennithala against Pinarayi Vijayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com