വ്യാജ വാർത്ത: അന്തംവിട്ട് അന്വേഷണ സംഘം

kottayam news
SHARE

തിരുവനന്തപുരം∙ വ്യാജ വാർത്ത നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെന്ന വാർത്ത കേട്ടു പകച്ചിരിക്കുകയാണ് പൊലീസ്.

എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചത്. എന്നാൽ ഏതു വാർത്ത, സമൂഹമാധ്യമങ്ങളാണോ, പത്രങ്ങളാണോ, ടിവി ചാനലുകളാണോ അന്വേഷണ പരിധിയിലെന്നു മുഖ്യമന്ത്രി പറഞ്ഞില്ല.  പ്രത്യേക അന്വേഷണ സംഘത്തിൽ ആരൊക്കെയെന്നും വെളിപ്പെടുത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാത്രി വൈകിയാണു സഹപ്രവർത്തകർ പറഞ്ഞു സംഘത്തലവൻ പോലും അറിയുന്നത്. 

സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ നിലവിൽ പൊലീസ് സൈബർ സംഘമുണ്ട്. ഇതിനോടകം ഇത്തരം വ്യാജ വാർത്തകളുടെ പേരിൽ അൻപതിലേറെ കേസുകളും റജിസ്റ്റർ  ചെയ്തതായി ഉന്നതർ പറഞ്ഞു. എന്നാൽ പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തയുടെ സത്യസന്ധത പൊലീസ് ഏത് അളവുകോൽ ഉപയോഗിച്ചു പരിശോധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ചോദിക്കുന്നത്.  പ്രത്യേക സംഘം രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഒരു ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ ഐടി നിയമപ്രകാരം, വർഗീയച്ചുവയുള്ള വാർത്തകളോ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ വാർത്തകളോ പ്രസിദ്ധീകരിച്ചാൽ മാത്രമേ കേസ് എടുക്കാൻ കഴിയൂ. 

അല്ലാതെ കേരള പൊലീസ് ഏതെങ്കിലും വാർത്ത വ്യാജൻ എന്ന ചാപ്പ കുത്തിയാൽ അതിന്റെ പേരിൽ കേസ് എടുക്കാൻ നിലവിൽ വകുപ്പില്ലെന്ന് ഉന്നത പൊലീസ് അധികൃതർ വ്യക്തമാക്കി. 

മാധ്യമവാർത്തകൾ പരിശോധിക്കേണ്ട: ഫാക്ട് ചെക് വിഭാഗത്തോട് സർക്കാർ  

തിരുവനന്തപുരം ∙ ‌അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളൊന്നും ഇനി പബ്ലിക് റിലേഷൻസ് വകുപ്പിലെ ഫാക്ട് ചെക് വിഭാഗം പരിശോധിക്കണ്ടതില്ലെന്ന് സർക്കാർ നിർദേശം. സർക്കാരിനു ഹിതകരമല്ലാത്ത വാർത്തകൾ വ്യാജമെന്നു ചിത്രീകരിക്കുന്നതു വിവാദമായതോടെയാണു തിരുത്തലിനു തയാറായത്. ഇനി ഇത്തരം വാർത്തകൾ പരിശോധിക്കുകയോ വ്യാജവാർത്തയായി മുദ്ര കുത്തുകയോ വേണ്ടെന്നാണു പിആർഡി ഡയറക്ടർ യു.വി. ജോസ് നൽകിയ നിർദേശം.

പകരം  യുട്യൂബ്, ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫാക്ട് ചെക് വിഭാഗം പരിശോധിക്കണം. ഇവയിൽ തെറ്റിദ്ധാരണാജനകവും വ്യാജവുമായ വിവരങ്ങൾ ഫെയ്ക്, മിസ്‌ലീഡിങ് മുദ്രകൾ ചാർത്തി പ്രസിദ്ധീകരിക്കാം. തെറ്റായ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും അക്കാര്യം പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്കു കൈമാറുകയും വേണം.

English summary: Kerala Police on fake news 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA