ADVERTISEMENT

നെടുംകുന്നം ∙ ബൈക്കിലെത്തിയ സംഘം ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു. നെടുംകുന്നം മോജിൻ ഭവനിൽ ടി.മോഹന(50)നെയാണു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. ബാഗിൽ ഉണ്ടായിരുന്ന 1500 രൂപയും 8000 രൂപയുടെ ടിക്കറ്റുകളും സംഘം കവർന്നു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കറുകച്ചാൽ-മണിമല റോഡിൽ നെടുംകുന്നം ഗവ. ഹൈസ്കൂളിനു സമീപമാണു സംഭവം. ലോട്ടറി വിൽപന നടത്തി പള്ളിപ്പടിയിൽ നിന്നു നെടുംകുന്നം ഭാഗത്തേക്കു നടന്നുപോയ മോഹനന്റെ സമീപം ബൈക്ക് നിർത്തിയ ശേഷം ‘എന്റെ പെങ്ങളോട് എന്താടാ നീ പറഞ്ഞത്’ എന്നു ചോദിച്ച ശേഷം മോഹനന്റെ ബാഗ് കൈക്കലാക്കി. തുടർന്നു മോഹനനെ റോഡരികിലേക്കു തള്ളിയിട്ട ശേഷം ഇവർ കടന്നുകളഞ്ഞു. നെടുംകുന്നം ഭാഗത്തേക്കാണ് ഇവർ പോയതെന്നു മോഹനൻ പറയുന്നു. 

ബാഗിനുള്ളിൽ 300 രൂപയുടെ 10 ബംപർ ടിക്കറ്റുകളും ഇന്നു നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ 40 രൂപ വിലവരുന്ന 125 ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു. 40 വയസ്സു തോന്നിക്കുന്നയാളാണു  ബൈക്ക് ഓടിച്ചിരുന്നതെന്നും പിന്നിലിരുന്നയാൾക്ക് 25 വയസ്സു തോന്നുമെന്നും മോഹനൻ പറഞ്ഞു. 

സംഭവത്തെക്കുറിച്ചു മോഹനൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. കൈകാലുകൾക്കു പരുക്കേറ്റ മോഹനൻ നെടുംകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഒരു വർഷം മുൻപു മോഹനന്റെ പണം അടങ്ങിയ ബാഗും ടിക്കറ്റുകളും കറുകച്ചാൽ ബവ്റിജസ് ഔട്‌ലെറ്റിനു സമീപം സമാനരീതിയിൽ കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു കടന്നുകളഞ്ഞിരുന്നു. മാമ്മൂട് സ്വദേശികളായ ഇവരെ പിന്നീട് പൊലീസ് പിടികൂടി. അതേ സമയം, നെടുംകുന്നം ഭാഗത്തേക്കു ബൈക്കിൽ പോയ അക്രമി സംഘങ്ങളുടെ ദൃശ്യം കവലയിലെ സിസിടിവിയിൽ നിന്നു പൊലീസ് ശേഖരിച്ചു. ബൈക്കിന്റെ നമ്പറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നാണു സൂചന.

English summary: Lottery ticket seller attacked in Nedumkunnam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com