ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്നു മുൻ ചീഫ് സെക്രട്ടറിമാർ.

ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക പരിപാടിയും കാരുണ്യ ബനവലന്റ് സ്കീമും കേൾവിത്തകരാറുള്ള കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റേഷനും സ്വയംഭരണ കോളജുകളും മുതൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി രൂപവൽക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി വരെ ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികൾക്കു തുടക്കമിട്ടെങ്കിലും വരുംതലമുറ അദ്ദേഹത്തെ വിലയിരുത്തുക, നടക്കില്ലെന്നു കരുതിയ വൻകിട പദ്ധതികൾക്കു തുടക്കമിട്ട മുഖ്യമന്ത്രി എന്ന നിലയിലാകുമെന്നു മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായർ, കെ. ജോസ് സിറിയക്, കെ.ജയകുമാർ, ജിജി തോംസൺ, കെ.എം. ഏബ്രഹാം എന്നിവർ വിലയിരുത്തുന്നു.

1. വിഴിഞ്ഞം രാജ്യാന്തര തുറമുഖം

1995 ൽ തുടക്കമിട്ട പദ്ധതി വിവാദങ്ങളിൽ കുരുങ്ങി 20 വർഷമാണു നീണ്ടുപോയത്. 2011 ൽ അധികാരമേറ്റശേഷം ഉമ്മൻ ചാണ്ടി മുൻകയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസർക്കാരിൽ തുടർച്ചയായി സമ്മർദം ചെലുത്തി അനുമതികൾ നേടിയെടുത്ത് 2015 ഡിസംബറിൽ തുറമുഖ നിർമാണം തുടങ്ങി. പാർട്ടിക്കുള്ളിൽ നിന്നു പോലും ശക്തമായ എതിർപ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോൾ പദ്ധതിക്കു പൂർണപിന്തുണ നൽകി. അടുത്തവർഷം തുറമുഖം പ്രവർത്തനം തുടങ്ങും.

2. കൊച്ചി മെട്രോ

പലവിധ വിവാദങ്ങളിൽ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിർമാണത്തിനു തുടക്കമിട്ടത് 2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങൾക്കൊടുവിൽ ഡിഎംആർസിക്കു കരാർ നൽകി 2013 ൽ നിർമാണം തുടങ്ങി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങാൻ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു.

3. കണ്ണൂർ വിമാനത്താവളം

1997 ൽ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂർ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടർപ്രവർത്തനങ്ങൾ നീങ്ങിയില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിർമാണം തുടങ്ങിയത്. 2016 ൽ എയർഫോഴ്സിന്റെ ആദ്യവിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി.

4. മെഡിക്കൽ കോളജുകൾ

എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മ‍ൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാർ ആയിരുന്നു. 8 മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു സർക്കാർ പദ്ധതി. ആദ്യത്തേത് മഞ്ചേരിയിൽ 2013ൽ ഉദ്ഘാടനം ചെയ്തു. 31 വർഷത്തിനുശേഷം കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ മെഡിക്കൽ കോളജ് ആയിരുന്നു അത്.

5 ബൈപാസ് വികസനം

40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടം–മുക്കോല) ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചത്.

English summary: oommen chandy flagship projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com