മാറ്റിയെഴുതി, ജീവിതം

oommen-old
SHARE

എന്താ മുഖത്തൊരു വിഷമം ? വലിയ ആലോചനയിലാണല്ലോ ’’– കണ്ണൂർ എക്സ്പ്രസിലെ സെക്കൻഡ് ക്ലാസ് കംപാർട്മെന്റിൽ എതിരെ ഇരുന്ന യാത്രക്കാരന്റെ ചോദ്യത്തിൽ സെബിയ ഞെട്ടിയുണർന്നു. ചോദിച്ചത് ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള വലിയ നേതാവാണ്. അതുകൊണ്ടു തന്നെ ഉമ്മൻചാണ്ടിയുടെ ചോദ്യങ്ങൾ ഭംഗിവാക്ക് എന്നേ സെബിയ കരുതിയുള്ളൂ. എങ്കിലും സങ്കടങ്ങൾ തുറന്നു പറഞ്ഞു.

പിറവത്തിനടുത്ത് ആരക്കുന്നത്താണു വീട്. കൂലിപ്പണിക്കാരനായ ഭർത്താവു വീടു പണി തുടങ്ങിയപ്പോൾ ഹൃദയാഘാതം വന്നു മരിച്ചു. അടച്ചുറപ്പില്ലാത്ത വീട്ടിൽ മകളെ താമസിപ്പിക്കാൻ പേടി. അവളെ നിലമ്പൂരിൽ അറബിക് കോളജിൽ ചേർത്തു. കാണാൻ പോകുന്ന വഴിയാണ്.

sebiya
സെബിയ, പൂർണചന്ദ്രൻ, അസ്ന

ആ യാത്ര സെബിയയുടെ ജീവിതം മാറ്റിമറിച്ചു. പിറവം മുനിസിപ്പൽ ചെയർമാൻ സാബു ജേക്കബ് ഒരാഴ്ചയ്ക്കുള്ളിൽ വീടു തിരക്കിയെത്തിയപ്പോഴാണ് സെബിയയ്ക്ക് ആ ആശ്വാസവാക്കുകൾ പൊള്ളയല്ലെന്നു മനസ്സിലായത്. സെബിയക്കിന്ന് സ്വന്തം വീടുണ്ട്. പാലുകാച്ചലിന് മുഖ്യാതിഥിയായി ഉമ്മൻചാണ്ടിയെത്തി. 

കേരളത്തിന്റെ കണ്ണീരായ രണ്ടു പേരാണ് അമാവാസിയും അസ്നയും. അക്രമരാഷ്ട്രീയത്തിന്റെ ബോംബേറുകൾക്കു മുന്നിൽ ജീവിതം വഴിമുട്ടിയ 2  കുട്ടികൾ. 1998 ഒക്ടോബറിൽ കണ്ണൂർ കല്ലിക്കണ്ടിക്കടുത്ത് തൂവക്കുന്നിൽ രാഷ്ട്രീയക്കാർ ഉപേക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇടതുകൈപ്പത്തിയും കണ്ണും നഷ്ടപ്പെട്ടതാണ് അമാവാസിക്ക്.  ഇടതു ചിന്തകനായിരുന്ന പി.ഗോവിന്ദപ്പിള്ളയാണ് അമാവാസിയുടെ പേരിലെ ഇരുൾ നീക്കി പൂർണചന്ദ്രനെന്ന  പുതു പേരു നൽകിയത്. ജീവിതത്തിലെ ഇരുൾ നീക്കിയതാകട്ടെ ഉമ്മൻ ചാണ്ടിയും.  തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥിയായിരുന്ന പൂർണചന്ദ്രന് ഉമ്മൻ ചാണ്ടി ഇടപെട്ട് അവിടെത്തന്നെ ക്ലാർക്കായി ജോലി നൽകി. 

2000 സെപ്റ്റംബർ 27നു ബിജെപിക്കാരുടെ ബോംബേറിലാണ് കണ്ണൂർ ചെറുവാഞ്ചേരിയിലെ അസ്നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്. കൃത്രിമക്കാലുമായി പഠനത്തിൽ വിജയങ്ങളോരോന്നായി നടന്നു കയറിയ അസ്ന  കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. വർഷങ്ങളായി ലിഫ്റ്റ് തകരാർ. മൂന്നാംനിലയിലെ ക്ലാസ്മുറി കയറിയിറങ്ങാൻ അസ്ന അനുഭവിക്കുന്ന ബുദ്ധിമുട്ട് അറിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പുതിയ ലിഫ്റ്റിന് 38 ലക്ഷം രൂപ അനുവദിച്ചു. ഇപ്പോൾ പിജി വിദ്യാർഥിയാണ് ഇപ്പോൾ അസ്ന.

English summary: Oommen Chandy 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA