പോപ്പുലർ ഫിനാൻസ് : ഓരോ പരാതിക്കും പ്രത്യേകം കേസും എഫ്െഎആറും വേണമെന്ന് കോടതി

popular-finance
SHARE

കൊച്ചി ∙ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പരാതികളിൽ പ്രത്യേകം കേസെടുത്ത് പ്രത്യേകം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകി. ശാഖകളും അനുബന്ധ സാമ്പത്തിക സ്ഥാപനങ്ങളും അടച്ചു പൂട്ടാനും സ്വർണം, പണം, മറ്റു സ്വത്തുക്കൾ തുടങ്ങിയവ കണ്ടുകെട്ടാനും ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശം നൽകി. സിബിഐ അന്വേഷണത്തിനു വേഗം നടപടിയെടുക്കാനും നിർദേശിച്ചു 

പരാതികളിൽ ഒറ്റ എഫ്ഐആർ മാത്രം റജിസ്റ്റർ ചെയ്താൽ മതിയെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഓഗസ്റ്റ് 28ലെ സർക്കുലർ കോടതി മരവിപ്പിച്ചു. പോപ്പുലർ ഫിനാൻസും അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെ കോന്നി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് സിബിഐയെ ഏൽപിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

ഇതു സംബന്ധിച്ച് കേന്ദ്ര അധികൃതർ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു പോപ്പുലർ ഫിനാൻസിന്റെ ഇരുന്നൂറ്റിയൻപതോളം ശാഖകളിൽ 3,000 കോടി രൂപയുടെ തട്ടിപ്പാണു നടന്നതെന്ന് ഹർജികളിൽ പറയുന്നു. 

ഇന്ത്യയിൽ മാത്രമല്ല, വിദേശത്തേക്കും തട്ടിപ്പ് വ്യാപകമായതിനാൽ സിബിഐ അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ നിക്ഷേപം മാറ്റാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.  നിക്ഷേപകരായ തിരുവനന്തപുരം സ്വദേശി പി. രവീന്ദ്രൻ പിള്ള, സജേഷ് കെ. സാം തുടങ്ങിയവർ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

ഹൈക്കോടതി നിർദേശങ്ങൾ

∙ അന്വേഷണം സിബിഐയെ ഏൽപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ചു പരിചയവും വൈദഗ്ധ്യവുമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ ഡയറക്ടർ പ്രത്യേക സംഘം രൂപീകരിക്കണം.

∙ അന്വേഷണ സംഘത്തിന് ആവശ്യമുള്ള ലോജിസ്റ്റിക്കൽ പിന്തുണ സംസ്ഥാന സർക്കാർ നൽകണം.

∙ പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടാൻ ജില്ലാ കലക്ടർമാരെ അധികാരികളാക്കി നിർദേശം നൽകണം.

∙ നിക്ഷേപത്തട്ടിപ്പു നടത്തിയ കമ്പനിയുടെയും ഉടമകളുടെയും സ്വത്ത് ഏറ്റെടുക്കാൻ കേരള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യ സംരക്ഷണ (കെപിഐഡി) നിയമം 3 (ബി) പ്രകാരം സർക്കാർ ഉത്തരവിറക്കണം. അതുവരെ ജില്ലാ കലക്ടർമാർ നൽകുന്ന ഉത്തരവുകളാണ് പ്രാബല്യത്തിലുണ്ടാകുക. 

English summary: Popular Finance fraud case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA