ഹൃദയരസതന്ത്രം: രമേശ് ചെന്നിത്തല

ramesh-oommen
SHARE

ഗ്രൂപ്പും അഭിപ്രായങ്ങളുമെല്ലാം പലപ്പോഴും വ്യത്യസ്തമായിരിക്കാം; പക്ഷേ ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അറുപതുകളിൽ മാത്യു മണിയങ്ങാടനു ശേഷം ആദ്യമായി കോട്ടയത്തെ കോൺഗ്രസ് എംപിയായപ്പോൾ മുതൽ ആ ബന്ധം ദൃഢമായിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ പിന്തുണയും മാർഗനിർദേശങ്ങളും എനിക്കു കരുത്താണ്.

ഏതു പ്രശ്നത്തിനും അദ്ദേഹത്തിന് ഒരു പരിഹാരമുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഇത്രയും അവഗാഹമുള്ള നേതാക്കൾ ചുരുക്കം. ആരോടും ‘നോ പറയാൻ കഴിയാത്തതു ഗുണവും ദോഷവും ഉണ്ടാക്കുന്നത് അറിയാം. ഗുണമാണു കൂടുതൽ. ഇതുപോലെ യാത്ര ചെയ്യുന്ന നേതാക്കളെ കണ്ടിട്ടില്ല. കേരളത്തിലുടനീളം അദ്ദേഹത്തിനു കോൺഗ്രസ് പ്രവർത്തകരുമായി ഗാഢമായ ബന്ധമുണ്ട്.

ആർക്കെങ്കിലും സഹായം ചെയ്യുന്നതിനു രാഷ്ട്രീയം അദ്ദേഹത്തിനു തടസ്സമല്ല. ചട്ടങ്ങളും നിയമങ്ങളും പോലും ജനങ്ങളെ സഹായിക്കാനായിരിക്കണമെന്ന വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ എന്നും നയിക്കുന്നത്.

oommen-mullappally

പാർട്ടിയുടെ ആത്മാവ്: മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡന്റ്)

കോൺഗ്രസിനുവേണ്ടി അവിശ്രമം പ്രവർത്തിക്കുന്ന മറ്റൊരു നേതാവില്ല. അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റുമായിരിക്കുമ്പോൾ തുടങ്ങിയ ബന്ധം. സവിശേഷമാണ് ആ രീതി. ‘ കണ്ടിട്ടു കുറച്ചായല്ലോ’ എന്നു ഞാൻ ഫോണിൽ ചോദിച്ചാൽ എവിടെയുണ്ടെന്നു മനസ്സിലാക്കി ഫോൺ വച്ച പാടേ അദ്ദേഹം മുന്നിലെത്തിയിരിക്കും.

കെപിസിസി പ്രസിഡന്റായ എന്നെ ഇങ്ങോട്ടു വന്നു കണ്ടിരിക്കണമെന്നാണു നിർബന്ധം. പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ കൂറും ബഹുമാനവുമാണ് അതിലുള്ളത്. രാഷ്ട്രീയകാര്യസമിതി യോഗങ്ങൾ നടക്കുമ്പോൾ പോകാനെഴുന്നേറ്റാൽ പറ്റില്ലെന്നു ഞാൻ തീർത്തു പറയും. എന്നെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിക്കും. ഉമ്മൻ ചാണ്ടി കൂടി പങ്കെടുക്കുമ്പോൾ എടുക്കുന്ന ഒരു തീരുമാനത്തിന്റെ വില കണക്കിലെടുത്താണ് അവിടെയുണ്ടാകണമെന്നു പറയുന്നതെന്ന് അദ്ദേഹത്തിന് അറിയാം.

kunhalikutty-oommen

സമന്വയത്തിന്റെ ആശാൻ: പി.കെ.കുഞ്ഞാലിക്കുട്ടി എംപി. (മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി )

എംഎൽഎ ഹോസ്റ്റലിലെ ഉമ്മൻ ചാണ്ടിയുടെ മുറിയിൽ തങ്ങാൻ പോയ ഒരു സുഹൃത്തിനെ അറിയാം. കതകു പൂട്ടി കിടന്ന് അടുത്ത മിനിറ്റ് മുട്ട് കേട്ടുതുടങ്ങി. പലവട്ടമായപ്പോഴാണ് അദ്ദേഹത്തിനു മനസ്സിലായത്, ഉമ്മൻ ചാണ്ടി രാത്രി ആ കതക് വെറുതേ ചാരിയിടാറേ ഉള്ളൂവെന്ന്. അത്രയും സുതാര്യമാണ് ആ ജീവിതം.

അഭിപ്രായ സമന്വയത്തിന്റെ ആശാനാണ്. പരസ്പരം തർക്കിക്കുന്നവർക്കു രണ്ടു ചെവിയും കൊടുക്കും. ബാക്കിയുള്ള കൈവച്ചു ഫയലുകളിൽ ഒപ്പിടും. വർത്തമാനം പറയും. ഇതിനിടയിൽ ആദ്യത്തെ തർക്കത്തിൽ തീരുമാനവുമെടുക്കും. ഏത് ഇന്ദ്രിയമാണ് ഉപയോഗിക്കുന്നതെന്നു അദ്ഭുതപ്പെട്ടിട്ടുണ്ട്. ‘അപ്പോൾ അങ്ങനെ തീരുമാനിക്കാം’ എന്നു പറയുമ്പോൾ ‘ എങ്ങനെ’എന്നുപലവട്ടം തിരിച്ചുചോദിച്ചിട്ടുണ്ട്.

ഒരു ചിരിയായിരിക്കും മറുപടി. കേരളത്തിന്റെ വികസനത്തിനുവേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്ത നേതാക്കൾ ചുരുക്കം. ജനസമ്പർക്ക പരിപാടിക്ക് ഒരിക്കൽ മന്ത്രിയെന്ന നിലയിൽ കൂടെ പോയി.‘ഇതൊന്നും മനുഷ്യസാധ്യമല്ലെന്ന്’ അതോടെ ബോധ്യമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA